തിരുവനന്തപുരം: ശബരി പാതയ്ക്ക് പുറമേ, സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് കുതിപ്പേകുമെന്ന് പ്രതീക്ഷിച്ച രണ്ടു പാതകൾ കൂടി റെയിൽവേ മന്ത്രാലായം മരവിപ്പിച്ചു.
തിരുനാവായ-ഗുരുവായൂർ പാതയും, തലശേരിയിൽ നിന്നും നിലമ്പൂരു നിന്നും ആരംഭിച്ച് മൈസൂരുവിൽ എത്തുന്ന പാതയുമാണ് മരവിപ്പിച്ചത്. രണ്ടിലും സ്ഥലമേറ്റെടുത്ത് നൽകുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുന്നുവെന്ന് കാണിച്ചാണിത്.
തിരുനാവായ- ഗുരുവായൂർ പാത 1995-96ലാണ് റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. 30.8 കിലോമീറ്റർ നീളം മാത്രമുള്ള പാതയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കാൻ 24 വർഷമായിട്ടും കഴിയാത്തതിനെ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ബഡ്ജറ്റ് സമ്മേളനത്തിൽ വിമർശിച്ചിരുന്നു. പദ്ധതിക്കായി അഞ്ച് അലൈൻമെന്റുകൾ തയ്യാറാക്കിയിരുന്നു. മലപ്പുറം, തൃശൂർ ജില്ലകളിൽ സ്ഥലമേറ്റെടുപ്പിന് ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടപടികൾ തുടങ്ങിയെങ്കിലും പുരോഗതിയുണ്ടായില്ല. സ്ഥലം ഏറ്റെടുക്കുന്നതിന് പൊലീസ് സംരക്ഷണം നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും പാത കടന്നുപോകുന്ന പ്രദേശത്തെ ആളുകളുടെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. തൃശൂർ ജില്ലയിൽ 9 കിലോമീറ്റർ പാളത്തിനായി ഏറ്റെടുത്തത് ആകെ 0.02 ഹെക്ടറാണ്.
ബ്രിട്ടീഷ് ഭരണകാലത്തേ ആസൂത്രണം ചെയ്തതാണ് മലബാറിൽ നിന്ന് മൈസൂരുവിലേക്കുള്ള റെയിൽപ്പാത.
തലശേരിയിൽ നിന്നും നിലമ്പൂരിൽ നിന്നും ആരംഭിച്ച് പുൽപ്പള്ളിയിലെത്തി ഒറ്റ ലൈനായി കർണാടകത്തിലേക്കു കടക്കുന്ന വിധത്തിലാണ് ഒടുവിൽ കെ.ആർ.ഡി.സി.എൽ പദ്ധതി രേഖ തയ്യാറാക്കിയത്. നിലമ്പൂർ നിന്ന് തുടങ്ങുന്ന പദ്ധതിക്ക് 2015-16ൽ ബഡ്ജറ്റ് അനുമതിയും ലഭിച്ചിരുന്നു. എന്നാൽ, ബ്രഹ്മഗിരി വന്യമൃഗ സങ്കേതം, നാഗർഹോള ദേശീയ ഉദ്യാനം, ബന്ദിപ്പൂർ കടുവാ സങ്കേതം, വയനാട് വന്യമൃഗസങ്കേതം എന്നിവയെ ബാധിക്കുമെന്ന പരാതിയുണ്ടായി. ഇവ ഒഴിവാക്കിയാണ് പാതയെന്നാണ് റെയിൽവേ പറയുന്നത്.
യാഥാർത്ഥ്യമായാൽ
നേട്ടങ്ങളേറെ
മലബാറിൽ നിന്ന് ഷൊർണൂർ പോകാതെ തിരുനാവായ- ഗുരുവായൂർ പാതയിലൂടെ തെക്കൻ കേരളത്തിലെത്താം
പൊന്നാനി തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ചരക്കുഗതാഗതത്തിനും ഗുണമാവും
തലശേരി- മൈസൂരു, ബംഗളൂരു യാത്രാദൂരത്തിൽ 60.5 കിലോമീറ്റർ കുറയും
മംഗളൂരു നിന്നു ഹാസൻ വഴി ബംഗളൂരു എത്താൻ 12 മണിക്കൂർ വേണം. റെയിൽ പാത വന്നാൽ എട്ടു മണിക്കൂർ.
തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുമുള്ള യാത്രയിൽ 120 കിലോമീറ്റർ കുറയും
''മൈസൂരു പോകുന്ന പാതയ്ക്കായി സംസ്ഥാനത്ത് സർവേ നടപടികൾ പുരോഗമിക്കുന്നു.''
- അജിത്കുമാർ
സി.ഇ.ഒ, കെ.ആർ.ഡി.സി.എൽ
''ഗുരുവായൂർ, ശബരിമല റെയിൽ പദ്ധതികൾ വഴിമുട്ടിയത് സംസ്ഥാനത്തിന്റെ വീഴ്ച മൂലമാണ്. അങ്കമാലി – ശബരി പാത നിർമ്മാണത്തിൽ 50% തുക ലഭ്യമാക്കാമെന്ന് 2015 ൽ അറിയിച്ച സംസ്ഥാന സർക്കാർ ഇപ്പോൾ പണമില്ലെന്നു പറയുന്നു. പാതയിൽ 40 കിലോമീറ്ററിൽ മാത്രമേ സർവേ പൂർത്തിയായിട്ടുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂൺ 15 നു മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചിരുന്നു.
- കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
(ജൂലായ് 13ന് പാർലമെന്റിൽ പറഞ്ഞത്)