01

ശ്രീകാര്യം: ശ്രീകാര്യം - പൗഡിക്കോണം റോഡിൽ അറ്റകുറ്റപ്പണികൾക്കായി വാട്ടർ അതോറിട്ടിയെടുത്ത കുഴികൾ മൂടാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കുടിവെള്ള പൈപ്പിലെ ചോർച്ച കണ്ടെത്താനും റോഡിന്റെ ഇരുഭാഗത്തും പുതിയ ഗാർഹിക കുടിവെള്ള പൈപ്പിടാനും വേണ്ടി കുത്തിപ്പൊളിച്ച കുഴികൾ മാസങ്ങൾ പിന്നിട്ടിട്ടും അധികൃതർക്ക് മൂടാനായിട്ടില്ല. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും കുഴികൾ അപകടക്കെണിയായി മാറിയിട്ടും വാട്ടർ അതോറിട്ടിയോ പൊതുമരാമത്ത് വകുപ്പോ പ്രശ്നത്തിൽ ഇടപെടാത്തതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. ശ്രീകാര്യം - കരിയം - പൗഡിക്കോണം റോഡിനടിയിൽ കാലപ്പഴക്കം ചെന്ന പഴയ 100 എം.എമ്മിന്റെ എ.സി പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച കാരണമാണ് റോഡ് അടിക്കടി തകരുന്നതെന്ന് കണ്ടാണ് റോഡിന്റെ ഇരുഭാഗത്തും പുതിയ കനം കുറഞ്ഞ പൈപ്പുകൾ സ്ഥാപിക്കാൻ മാസങ്ങൾക്ക് മുൻപ് പണികൾ ആരംഭിച്ചത്. എന്നാൽ പൈപ്പിടൽ ജോലികൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താതെ വെട്ടിപ്പൊളിച്ച അവസ്ഥയിൽ തന്നെ തുടരുകയാണ്. റോഡിന്റെ പലഭാഗങ്ങളിലും വശങ്ങളിലും രൂപപ്പെട്ട വലിയ കുഴികളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുക പതിവാണ്.

ഫ്രാറ്റ് നിവേദനം നൽകി

കുടിവെള്ള പൈപ്പ്‌ ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച ചെക്കാലമുക്ക് - കരിയം -പൗഡിക്കോണം റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിച്ച് ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കുക, നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പുനഃസ്ഥാപിച്ച് ഈ ഭാഗങ്ങളിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രാറ്റ് ശ്രീകാര്യം മേഖലയുടെ ആഭിമുഖ്യത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം നൽകി. പൈപ്പുകൾ സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പിടലിനോടനുബന്ധിച്ച് റോഡിന്റെ പല ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികളിൽ വാഹനയാത്രക്കാർ വീണ് അപകടത്തിൽപ്പെടുക പതിവായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് അസോസിയേഷൻ ഭാരവാഹികൾ പരാതിയുമായി മന്ത്രിയെ സമീപിച്ചത്.

ശ്രീകാര്യം മുതൽ പൗഡിക്കോണം വരെയുള്ള ഭാഗത്തെ റോഡിലെ കുഴികളും ടാർ വെട്ടിപ്പൊളിച്ച ഭാഗങ്ങളും ഒരാഴ്ചയ്ക്കകം നികത്തി അറ്റകുറ്റപ്പണി നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ