23

വർക്കല: ഇടവ ഗ്രാമ പഞ്ചായത്തിലെ വെറ്റക്കട കാപ്പിൽ തീരദേശ റോഡിൽ അപകടങ്ങൾ പതിവാകുന്നു. ഇടവ വെറ്റക്കട - കാപ്പിൽ തീരദേശത്തെ വീതിയില്ലാത്ത റോഡിൽ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. അവധി ദിവസങ്ങളിൽ കാപ്പിൽ ബീച്ചിലേക്ക് പോകുന്നതിന് ഒട്ടേറെ വാഹനങ്ങളാണ് തീരദേശ റോഡിലൂടെ എത്തുന്നത്. വലിയ വളവുകളുള്ള റോഡിൽ വാഹനത്തിരക്കും വേഗവും അപകട സാദ്ധ്യത കൂട്ടുന്നു. വെറ്റക്കട പള്ളിമുക്ക് മുതൽ പതിനെട്ടാം പടിവരെയുളള ഇരുനൂറുമീറ്റർ ഭാഗത്ത് വൈദ്യുത തൂണുകൾ റോഡിന് തൊട്ട് ചേർന്നാണ് നിൽക്കുന്നത്.

താഴ്ചയുള്ള ഭാഗത്ത് അപകടം തടയാൻ ക്രാഷ് ബാരിയറും ഇല്ല. ഇതുവഴി രാത്രി കടന്ന് പോകുന്ന സ്ഥലപരിചയം ഇല്ലാത്തവർ അപകടത്തിൽ പെടാൻ സാദ്ധ്യത ഏറെയാണ് . റോഡിന്റെ ഒരു വശത്ത് വൈദ്യുത തൂണുകളാണ് ഭീഷണിയെങ്കിൽ മറുഭാഗത്ത് മൂടിയില്ലാത്ത ഓടകളാണ് അപകടം ഉണ്ടാക്കുന്നത്. മൂടിയില്ലാത്ത ഓടകളാണ് അപകടം ഉണ്ടാക്കുന്നത്. ഓടയ്ക്ക് മുകളിലേയ്ക്ക് കാടു വളർന്ന് കിടക്കുന്നത് വാഹന യാത്രക്കാരുടെ ശ്രദ്ധയിൽ പെടില്ല. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഓടയിൽ വീണ് അപകടം ഉണ്ടാകാറുണ്ട് .വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് ഈ ഭാഗത്ത് അപകടം ഉണ്ടാകുന്നത്. സ്ലാബ് സ്ഥാപിക്കാത്തതും കാട് വെട്ടിതെളിക്കാത്തതും അപകടം ക്ഷണിച്ച് വരുത്തുന്നു .റോഡിൽ മതിയായ തെരുവ് വിളക്കുകൾ ഇല്ലാത്തതും യാത്രക്കാർക്ക് ഭീഷണിയാണ്. റോഡിലെ വലിയ അപകടങ്ങൾക്ക് കാത്ത് നിൽക്കാതെ റോഡിലെ അപകടാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.