നെടുമങ്ങാട്‌: കടയുടമയെ ആക്രമിച്ച് ഒന്നരലക്ഷം രൂപ കവർന്ന സംഭവത്തിന് പിന്നിൽ കച്ചവടക്കാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് പഴകുറ്റിയിൽ മെൻസ് വെയർ നടത്തുന്ന പറണ്ടോട് സ്വദേശി സഫറുള്ളയെ (28) കാറിൽ തടഞ്ഞുവച്ച് ആക്രമിച്ച് പരിക്കേല്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌ത സംഭവത്തിൽ തൊട്ടടുത്ത് കട നടത്തുന്ന ഷിനുവിനെ (34) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. സംഘത്തിലെ ആറുപേരെക്കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഞായറാഴ്ച രാത്രി 9.30ഓടെ കടപൂട്ടി വീട്ടിലേക്ക് പോകാൻ കാറിൽ കയറിയ സഫറുള്ളയെ തടഞ്ഞുവയ്‌ക്കുകയും ഗ്ലാസ് തകർത്ത ശേഷം കല്ലുകൊണ്ടിടിച്ചു പരിക്കേല്പിക്കുകയുമായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് ഇയാളെ രക്ഷിച്ചത്. സഫറുള്ള നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ ഷിനുവിനെ റിമാൻഡ് ചെയ്‌തു. മറ്റ് പ്രതികൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. സി.ഐ രാജേഷ് കുമാറിന്റെയും എസ്.ഐ സുനിൽ ഗോപിയുടെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സഫറുള്ളയെ ആക്രമിക്കാൻ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയ സംഘം സഫറുള്ളയുടെ കടയുടെ മുൻവശത്തിരുന്ന് മദ്യപിച്ച് ബഹളം വയ്ക്കുകയും ഇദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.