ശിവഗിരി: 87-ാമത് മഹാ തീർത്ഥാടനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളുടെ തിരക്കിലാണ് ശിവഗിരിമഠം. ഡിസംബർ 30നാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശിവഗിരി തീർത്ഥാടനം ആരംഭിക്കുന്നത്. അന്ന് രാവിലെ 10 ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഉദ്ഘാടനം നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്റി വി.മുരളീധരൻ മുഖ്യാതിഥിയാവും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.
തീർത്ഥാടനത്തിന് ദിവസങ്ങൾ ശേഷിക്കെ ശിവഗിരിയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് ആരംഭിച്ചു. സ്കൂൾ അവധിക്കാലമായതിനാൽ ഒരു പകൽ മുഴുവൻ ഗുരുദേവന്റെ തപോഭൂമിയിൽ കഴിയാനെത്തുന്നവരാണ് ഏറെയും. ശിവഗിരിയുടെ ആശ്രമാന്തരീക്ഷമാകെ തീർത്ഥാടക സംഘങ്ങളാൽ സജീവമാണ്. ശാരദാമഠത്തിലും മഹാസമാധിയിലും പുഷ്പാഞ്ജലി അർപ്പിച്ച് പ്രാർത്ഥിച്ച ശേഷം ഗുരുപൂജാ പ്രസാദവും കഴിച്ചാണ് തീർത്ഥാടകർ മടങ്ങുന്നത്. ഗുരുദേവൻ മഹാസമാധിയടഞ്ഞ വൈദികമഠത്തിൽ ഓം ശ്രീനാരായണ പരമഗുരവെ നമഃ എന്ന മൂലമന്ത്റജപം സാന്ദ്രമധുരമായി ഒഴുകുന്നു. ധന്യമായ ഒരനുഭൂതിയിലാണ് ശിവഗിരിമഠവും പരിസരവും. ശിവഗിരിയിലേക്കുളള റോഡുകളിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിരയാണ്.
തീർത്ഥാടനത്തിനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി വരുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ കേരളകൗമുദിയോട് പറഞ്ഞു. 12 മഹാ സമ്മേളനങ്ങളാണ് മൂന്ന് ദിവസങ്ങളിൽ നടത്തുന്നത്. ഗുരുകല്പന പ്രകാരമുളള എട്ട് വിഷയങ്ങൾ ഓരോ സമ്മേളനത്തിന്റെയും ശീർഷക സന്ദേശമായിരിക്കും. ഡിസംബർ 31 വൈകിട്ട് 3.30ന് നടക്കുന്ന കൃഷി പരിസ്ഥിതി സമ്മേളനം സെമിനാറിന്റെ രൂപത്തിലാണ് സംഘടിപ്പിച്ചിട്ടുളളത്. ശിവഗിരി മഠത്തിന് സ്വന്തമായി കാർഷിക വിഭാഗമുണ്ട്. കാർഷിക ഗവേഷണ മേഖലയിലെ പ്രമുഖ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലാണിത്. സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.
31ന് ഉച്ചയ്ക്ക് നടക്കുന്ന മാദ്ധ്യമ സമ്മേളനത്തിൽ കൗമുദി ടിവി സംപ്രേഷണം ചെയ്ത മഹാഗുരു പരമ്പരയിലെ അഭിനേതാക്കളെയും അണിയറ ശില്പികളെയും അനുമോദിക്കും. അന്ന് രാവിലെ തീർത്ഥാടനഘോഷയാത്രയ്ക്ക് ശേഷം 10 മണിക്ക് നടക്കുന്ന തീർത്ഥാടക സമ്മേളനം മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠത്തിന്റെ ഔദ്യോഗിക മീഡിയയായ ശിവഗിരി ടിവി മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിംഗും അദ്ദേഹം നിർവഹിക്കും.