തിരുവനന്തപുരം: ഗുണ്ട്കാട് അനി കൊലക്കേസ് വിചാരണ പ്രോസിക്യൂട്ടർ ഇല്ലെന്ന കാരണത്താൽ ദീർഘ കാലത്തേക്ക് മാറ്രിവച്ചു. മൂന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിലെ പ്രോസിക്യൂട്ടറായ വെമ്പായം എ.എ. ഹക്കീം ജില്ലാ ഗവൺമെന്റ് പ്ളീഡറായ ശേഷം ഇതുവരെ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നില്ല. കേസിലെ ഒന്നാം പ്രതി വിഷ്ണു എസ്. ബാബു എന്ന ജീവൻ ഇപ്പോഴും ജയിലിലാണ്. അന്വേഷണം സംഘം 90 ദിവസത്തിനകം കുറ്റ പത്രം സമർപ്പിച്ചതിനാൽ കോടതി ഇയാൾക്ക് ജാമ്യം നൽകിയിരുന്നില്ല. ഹെെക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് വിചാരണ ഉടൻ ആരംഭിക്കുമെന്ന വിചാരണ കോടതിയുടെ തീരുമാനത്തെ തുടർന്ന് ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതും മാറ്റിവച്ചു.

ജുഡിഷ്യൽ കസ്റ്രഡിയിലുള്ള തടവുകാരന്റെ വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കെയാണ് പ്രോസിക്യൂട്ടർ ഇല്ലെന്ന കാരണത്താൽ വിചാരണ അനന്തമായി നീളുന്നത്. സർക്കാർ വീഴ്ച കാരണം വിചാരണ അനന്തമായി നീളുന്നത് പ്രതിയുടെ അവകാശലംഘനമായി നിയമ വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു.

2019 മാർച്ച് 24 നാണ് ബാർട്ടൻ ഹിൽ ജംഗ്ഷനിൽ വച്ച് ഗുണ്ട്കാട് അനി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട അനിയും സുഹൃത്തുക്കളും ചേർന്ന് ഒന്നാം പ്രതി ജീവന്റെ അച്ഛനെ വാൾ കൊണ്ട് വെട്ടുകയും അമ്മയേയും സഹോദരിയേയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഈ വിരോധം കൊണ്ടാണ് ജീവനും സുഹൃത്തുക്കളും ചേർന്ന് അനിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ജീവന് പുറമെ ഗുണ്ട് കാട് സ്വദേശി മനോജ്, കുന്നുകുഴി സ്വദേശി മേരി രാജൻ , കന്യാകുമാരി സ്വദേശി രാകേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. കേസ് ഫെബ്രുവരി 3ന് പരിഗണിക്കും. വിചാരണ നേരത്തേ പൂർത്തിയാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട അനിയുടെ സഹോദരി മിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്.