sivagiri
sivagiri

ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനം നടക്കുന്ന ഡിസംബർ 30, 31, ജനുവരി 1 തീയതികൾ ഇത്തവണ സർക്കാരാഫീസുകൾക്ക് പ്രവൃത്തിദിനങ്ങളാണ്. ക്രിസ് മസ് അവധികഴിഞ്ഞ് സ്കൂളുകളും തുറക്കും. ഈ സാഹചര്യത്തിൽ ക്രിസ് മസ് അവധി ദിവസങ്ങൾ പുന: ക്രമീകരിക്കണമെന്നും ശിവഗിരി തീർത്ഥാടന ദിവസങ്ങളിൽ അവധി നൽകണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചതായി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. എന്നാൽ ഇതേവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല.

കഴിഞ്ഞ കൊല്ലം ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന ദിവസമായിരുന്നു നവോത്ഥാന മതിൽ. ആധുനിക കേരളത്തിന്റെ നവോത്ഥാന ശില്പിയാണ് ഋഷീശ്വരനായ ശ്രീനാരായണഗുരു. ഗുരു കല്പിച്ചനുഗ്രഹിച്ചതാണ് ശിവഗിരി തീർത്ഥാടനം. കേവലം ആത്മീയത മാത്രമല്ല ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യം. ഭൗതിക ജീവിത പുരോഗതിക്കാവശ്യമായ വിഷയങ്ങൾ തീർത്ഥാടന ദിവസങ്ങളിൽ ചർച്ച ചെയ്യണമെന്നും തീർത്ഥാടകർ അത് സശ്രദ്ധം കേട്ട് ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും ഗുരു കല്പിച്ചിരുന്നു. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സമൂഹത്തിന് അവധിയെടുക്കാതെ തീർത്ഥാടന ദിവസങ്ങളിൽ ഇത്തവണ ശിവഗിരിയിലെത്താനാവില്ല. ഈ സാഹചര്യം, ഈ സമീപനം ശിവഗിരി മഠത്തിന്റെയും ഗുരുഭക്തരുടെയും ദുഖമായി അവശേഷിക്കുന്നുവെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.