ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി തരിശായി കിടക്കുന്ന ഭൂമിയിൽ ജന പങ്കാളിത്തത്തോടെ നടത്തിവരുന്ന നെൽകൃഷിയുടെയും വിവിധയിനം പച്ചക്കറി കൃഷിയുടെയും വിളവെടുപ്പ് ഇത്തവണയും വിജയകരമായി നടന്നു.

ജൈവകൃഷി രീതിയിലൂടെ ഉല്പാദിപ്പിച്ച ഗുണമേൻമയുള്ള പച്ചക്കറി വിത്തുകൾ, വിഷമുക്തമായ നെല്ല് കുത്തി പച്ചരിയായും പുഴുങ്ങി കുത്തിയ അരിയായും ആറ്റിങ്ങൽ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലൂടെ ആവശ്യകാർക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം.

ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് കുടുംബശ്രീ ചെയർപേഴ്സൺ എ. റീജക്ക് ആദ്യ വില്പന നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലറും മുതിർന്ന കർഷകനും സൊസൈറ്റിയുടെ പ്രസിഡന്റും കൂടിയായ ജി. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ്ചെയർപേഴ്സൺ ആർ.എസ്. രേഖ, കൗൺസിലർമാരായ എസ്. ഷീജ, കെ.എസ്. സന്തോഷ് കുമാർ, കൃഷി ഓഫീസർ എസ്. പുരുഷോത്തമൻ, സൊസൈറ്റി സെക്രട്ടറി എ. രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.