ആറ്റിങ്ങൽ : ആദർശം പണയം വയ്ക്കാത്ത കവിയും സാംസ്‌കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്നു തോന്നയ്ക്കൽ വാസുദേവനെന്ന് ശില്പി കാനായി കുഞ്ഞിരാമൻ പറഞ്ഞു.തോന്നയ്ക്കൽ സാംസ്‌കാരിക സമിതിയിൽ 'ചിന്തയുടെ വെളിച്ചം'എന്ന ഓർമപ്പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവാർഡുകൾ കൊടുത്ത് ആൾക്കാരെ ചീത്തയാക്കുന്ന ഇക്കാലത്ത് തോന്നയ്ക്കൽ വാസുദേവന്റെ പേരിൽ സാംസ്‌കാരിക ബോധമുള്ള ഒരവാർഡ് ഉണ്ടാകണമെന്നും അതിനുള്ള ശില്പം താൻ നിർമ്മിച്ച് നൽകുമെന്നും കാനായി പറഞ്ഞു. സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.എൻ. മുരളി മുഖ്യ പ്രഭാഷണം നടത്തി. സമിതി പ്രസിഡന്റ് ആർ. വേണുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.ജി. ശശിഭൂഷൻ, ഡോ. പ്രഭാകരൻ പഴശ്ശി, എസ്. ഭാസുരചന്ദ്രൻ, പ്രൊഫ. എസ്. സുധീഷ്, സന്തോഷ്‌തോന്നയ്ക്കൽ, ജെ. രാജൻ എന്നിവർ സംസാരിച്ചു.