വർക്കല: നാരായണ ഗുരു ആധുനികകാലത്ത് പിറന്ന ഋഷിയാണെന്ന് നാരായണ ഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് പറഞ്ഞു. അതുകൊണ്ടു തന്നെ ആധുനിക ശാസ്ത്രത്തിനു ചേർന്ന ശാസ്ത്രീയത ഗുരുവിന്റെ വാക്കുകൾക്കുണ്ട്. നാരായണ ഗുരുകുല കൺവെൻഷനിൽ വേദാന്തസൂത്രത്തെ അധികരിച്ച് പ്രവചനം നടത്തുകയായിരുന്നു അദ്ദേഹം. സഹസ്രാബ്ദങ്ങൾക്ക് മുമ്പുണ്ടായ ബാദരായണന്റെ ബ്രഹ്മസൂത്രത്തിനു ശേഷം വേദാന്തരഹസ്യം സൂത്രരൂപത്തിൽ ആവിഷ്‌കരിച്ചിട്ടുള്ള കൃതി ഗുരുവിന്റെ വേദാന്തസൂത്രം മാത്രമാണ്. ഒരേ ദർശനത്തിന്റെ പല മുഖങ്ങൾ അവതരിപ്പിക്കുമ്പോൾ ഒന്ന് ശരിയെന്നോ മറ്രേത് തെറ്റെന്നോ പറയേണ്ടതില്ല. എല്ലാ ദാർശനിക സമ്പ്രദായങ്ങളും ശാസ്ത്രീയ ഗവേഷണങ്ങളും ഒരേ സത്യത്തെ തന്നെയാണ് അന്വേഷിക്കുന്നതെന്നും മുനി നാരായണപ്രസാദ് പറഞ്ഞു. ഗുരുനിത്യചൈതന്യ യതിയുടെ ദർശന മഞ്ജുഷ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. തുടർന്ന് പാശ്ചാത്യ ദർശനത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാറിൽ സ്വാമി തന്മയ മോഡറേറ്രറായി. ബ്രഹ്മചാരി ബിജോയിസ്, ബ്രഹ്മചാരി വർഗ്ഗീസ്, ഡോ. എസ്. രാധാറാണി, ഡോ. ആർ. സുബാഷ് എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. വൈകിട്ട് നടന്ന ക്രിസ്മസ് ആഘോഷത്തിൽ സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി തന്മയ ക്രിസ്മസ് സന്ദേശം നൽകി. വി. അമൃതലക്ഷ്മിയുടെ വയലിൻ കച്ചേരിയും ഉണ്ടായിരുന്നു.
ഗുരുകുലത്തിൽ ഇന്ന്
രാവിലെ ഒമ്പതിന് ഹോമം ഉപനിഷത്ത് പാരായണം പ്രവചനം: ഗുരുമുനി നാരായണപ്രസാദ്, 10.40ന് സെമിനാർ വേദാന്ത ദർശനം മോഡറേറ്റർ സ്വാമി ചാറൽസ് ചൈതന്യ, പ്രബന്ധങ്ങൾ: ഡോ. വി.കെ. സന്തോഷ്, കെ.പി. ലീലാമണി, ഡോ. ബി. സുഗീത, ടി.പി. രാജേഷ്, രാത്രി 7ന് പ്രാർത്ഥനായോഗം പ്രവചനം: എസ്.രാധാകൃഷ്ണൻ, 8.45 മുതൽ മൃദംഗവാദനം ആർ.എസ്. ശംഭു തുടർന്ന് നടരാജ സംഗീതസഭയിലെ വിദ്യാർത്ഥികളുടെ സംഗീതാർച്ചന.
നാളെ
രാവിലെ 9ന് ഹോമം, ഉപനിഷത്ത് പാരായണം പ്രവചനം : ഗുരുമുനിനാരായണപ്രസാദ്, 10.40ന് സെമിനാർ നാരായണഗുരു ദർശനം മോഡറേറ്രർ: സാധു ഗോപിദാസ്. പ്രബന്ധങ്ങൾ: ഡോ.എസ്. റാണി, ഡോ. എസ്.കെ. രാധാകൃഷ്ണൻ, ഇ.ബി. അരുൺ, ഡി. ലതിക, രാത്രി 7ന് പ്രാർത്ഥനായോഗം പ്രവചനം: സ്വാമി ശാന്താനന്ദ തീർത്ഥ, കെ.പി. ലീലാമണി, 8.45ന് നടരാജസംഗീതസഭയിലെ വിദ്യാർത്ഥികളുടെ വയലിൻ വാദനം.