തിരുവനന്തപുരം: നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കുടിവെള്ളം മുട്ടിച്ച് കഴിഞ്ഞദിവസം അമ്പലമുക്ക് ഭാഗത്തുണ്ടായ ചോർച്ച പൂർണമായി പരിഹരിച്ചു. ലൈൻ ചാർജ് ചെയ്‌ത് ജലവിതരണം പുനഃസ്ഥാപിച്ചതായി വാട്ടർ അതോറിട്ടി അറിയിച്ചു. ഇന്ന് രാവിലെയോടെ ജലവിതരണം സാധാരണ നിലയിലാകുമെന്നും അധികൃതർ വ്യക്തമാക്കി. അരുവിക്കരയിൽ നിന്ന് മൺവിളയിലേക്ക് ജലമെത്തിക്കുന്ന ലൈനിൽ അമ്പലമുക്ക് കുരിശടിക്ക് സമീപത്തെ 900 എം.എം ശുദ്ധജലവിതരണ പൈപ്പിലാണ് തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ ചോർച്ച കണ്ടെത്തിയത്. പൈപ്പുകളെ തമ്മിൽ യോജിപ്പിക്കാൻ ഉപയോഗിക്കുന്ന റബറിംഗിൽ കാലപ്പഴക്കത്തെ തുടർന്നുണ്ടായ തകരാറാണ് ചോർച്ചയ്‌ക്ക് കാരണമായത്. അടുത്തിടെ അരുവിക്കരയിലെ പമ്പ് ഹൗസ് അറ്റകുറ്റപ്പണികൾക്കായി അടച്ചിരുന്നു. പണികൾ പൂർത്തിയാക്കി ജലവിതരണം പൂർവ സ്ഥിതിയിലാക്കിയെങ്കിലും ലൈനിലെ മർദ്ദം പൂർണമായും ക്രമീകരിക്കപ്പെടാതിരുന്നതാണ് പഴക്കംചെന്ന റബറിംഗ് പൊട്ടാനിടയാക്കിയത്. ഇന്നലെ ലെഡ്‌വൂൾ ഉപയോഗിച്ച് പുതിയ റിംഗ് ഉണ്ടാക്കി പൈപ്പുകളെ വിളക്കിച്ചേർത്തു. തുടർന്ന് സിമെന്റിന്റെ മിശ്രിതം ഉപയോഗിച്ച് റിംഗിനെ ബലപ്പെടുത്തുകയും ചെയ്‌തു. സാധാരണ ഗതിയിൽ ലീക്കുണ്ടായാൽ വാൽവ് അടയ്ക്കുന്നതോടെ ചോർച്ച നിലയ്ക്കേണ്ടതായിരുന്നു. എന്നാൽ റബറിംഗ് പൊട്ടിയതോടെ ജലം നിയന്ത്രിക്കാനാകാത്ത സ്ഥിതിയായി. തുടർന്ന് റോഡിൽ നിന്ന് നാല് മീറ്റർ താഴ്ചയിൽ കുഴിയെടുത്ത് പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുകയായിരുന്നു. ചോർച്ചയുണ്ടായതിനാൽ പോങ്ങുംമൂട്, മൺവിള, ടെക്‌നോപാർക്ക്, ഉള്ളൂർ, ചെറുവയ്ക്കൽ, ആക്കുളം, കുളത്തൂർ, കഴക്കൂട്ടം, കാര്യവട്ടം, ശ്രീകാര്യം, പാങ്ങപ്പാറ, സി.ആർ.പി.എഫ്, കരിയം, ചാവടിമുക്ക്, ഇടക്കോട്, പൗഡിക്കോണം, കേരളാദിത്യപുരം, നാലാഞ്ചിറ, കേശവദാസപുരം എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെട്ടിരുന്നു. ഇവിടങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചതായി വാട്ടർഅതോറിട്ടി അറിയിച്ചു. ഇന്ന് രാവിലെയോടെ ഇവിടങ്ങളിൽ ജലവിതരണം സാധാരണ നിലയിലാകുമെന്ന് പബ്ളിക് ഹെൽത്ത് ഡിവിഷൻ നോർത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണിയെ തുടർന്ന് ഇന്നലെയും പേരൂർക്കട - അമ്പലമുക്ക് റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ പേരൂർക്കട - ശാസ്‌തമംഗലം വഴി തിരിച്ചുവിട്ടു. അറ്റകുറ്റപ്പണി നടന്ന സ്ഥലം ടാർ ചെയ്യേണ്ടതിനാൽ ഏതാനും ദിവസങ്ങൾ കൂടി ഇതുവഴി ഗതാഗത നിയന്ത്രണമുണ്ടാകും.