pinarayi-vijayan
PINARAYI VIJAYAN

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് യോജിച്ച പ്രക്ഷോഭത്തിന് സഹകരിക്കാൻ സി.പി.എം സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്തതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും മത, സാമൂഹ്യ സംഘടനാനേതാക്കളുടെയും സംയുക്തയോഗം വിളിച്ചു. 29ന് രാവിലെ 11മണിക്ക് മസ്കറ്റ് ഹോട്ടലിലാണ് യോഗം. ഇക്കാര്യമറിയിച്ച് രാഷ്ട്രീയ, സംഘടനാ നേതാക്കൾക്ക് മുഖ്യമന്ത്രി കത്തയച്ചു.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യാവകാശത്തിനും മതനിരപേക്ഷ കാഴ്ചപ്പാടുകൾക്കും വിരുദ്ധമാണെന്ന് നേതാക്കൾക്കയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയണം. പൗരത്വ നിയമഭേദഗതിയിൽ ജനങ്ങൾക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള യോജിപ്പ് ഉയർന്നുവരണം. ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനാണ് യോഗം വിളിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.