tharoor

തിരുവനന്തപുരം : പൗരത്വഭേദഗതി നിയമത്തെ ചൊല്ലി കേരളത്തിലുണ്ടായ പ്രതിഷേധങ്ങളുടെ വാസ്തവം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഭ്യന്തരമന്ത്രി അമിത്ഷായെ അറിയിക്കണമെന്ന് ശശി തരൂർ എം.പി പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം കോ -ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസ്‌ക്ലബിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് പേർ അണിനിരന്നു. മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി അദ്ധ്യക്ഷൻ കായിക്കര ബാബു അദ്ധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി, ഡോ. എ.നീലലോഹിതദാസൻ നാടാർ, വൺ ഇന്ത്യ മുസ്ലിം പേഴ്സണൽ ലാ ബോർഡ് അംഗം അബ്ദുൾ ഷുക്കൂർ മൗലവി അൽഖാസിമി, ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ പ്രതിനിധി കുറ്റിച്ചൽ ഹസൻ ബസരി മൗലവി, സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രതിനിധി തടിക്കാട് സഈദ് ഫൈസി, സമസ്ത കേരള സുന്നി ജം ഇയ്യത്തുൽ ഉലമ പ്രതിനിധി വിഴിഞ്ഞം അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.