തിരുവനന്തപുരം:വലയസൂര്യഗ്രഹണം നാളെ രാവിലെ 8 മുതൽ 11 വരെ സംസ്ഥാനത്ത് ദൃശ്യമാകും. കാസർകോട് മുതൽ പാലക്കാട് വരെ വലയരൂപത്തിലും തൃശൂർ മുതൽ തിരുവനന്തപുരം വരെ ഭാഗികരൂപത്തിലുമാണ് സൂര്യഗ്രഹണം ദൃശ്യമാകുക.8.05 മുതൽ ഗ്രഹണം ദൃശ്യമായി തുടങ്ങും. 9.20 ഒാടെ പൂർണരൂപത്തിലെത്തും.3.40 മണിക്കൂറാണ് ഗ്രഹണമുണ്ടാകുക. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോൾ ഭൂമിയിൽ നിന്നുള്ള സൂര്യന്റെ കാഴ്ച മറഞ്ഞുപോകുന്നതാണ് ഗ്രഹണം. ഇൗ സമയത്ത് സൂര്യരശ്മികളുടെ പ്രവാഹത്തിൽ മാറ്റമുണ്ടാകുന്നതിനാൽ നഗ്നനേത്രങ്ങൾ കൊണ്ടുള്ള കാഴ്ച അപകടമുണ്ടാക്കിയേക്കാം. പ്ളാനറ്റോറിയത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിലും കോട്ടയം ദേവമാത കോളേജ് മൈതാനത്തും കോഴിക്കോട് നാദാപുരം രാജാസ് സ്കൂൾ മൈതാനും ചാലക്കുടിയിൽ പനമ്പിള്ളി കോളേജ് ഗ്രൗണ്ടിലും ഗ്രഹണം കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. 2010 ജനുവരി 15നായിരുന്നു ഇതിന് മുമ്പ് വലയഗ്രഹണം തിരുവനന്തപുരത്തുണ്ടായത്. 2031 മെയ് 31നും ഇനി സൂര്യഗ്രഹണമുണ്ടാകും.