തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തകനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന കള്ളിക്കാട് രാമചന്ദ്രന്റെ സ്‌മരണാർത്ഥം കള്ളിക്കാട് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള കള്ളിക്കാട് രാമചന്ദ്രൻ പുരസ്‌കാരം 30ന് വൈകിട്ട് നാലിന് പ്രസ് ക്ളബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും. കഥാപുരസ്‌കാരത്തിന് അർഹനായിരിക്കുന്നത് പ്രതാപനാണ്. മികച്ച നവാഗത സംവിധായകനുള്ള അനിൽ കൊമ്പശേരിൽ അവാർഡ് ജഹാംഗീർ ഉമ്മറിനും മികച്ച നവാഗത നടനുള്ള പുരസ്‌കാരം കിടിലം ഫിറോസിനും ലഭിച്ചു. അരുന്ധതിയാണ് മികച്ച പുതുമുഖ നായിക. ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പി.ടി. കുഞ്ഞുമുഹമ്മദ്,​ ഡോ. ജോർജ് ഓണക്കൂർ,​ ജോൺ ബ്രിട്ടാസ്,​ ഡോ. ബിജു രമേശ്,​ ഡോ. കെ. മോഹൻകുമാർ,​ ടി.വി. ചന്ദ്രൻ,​ എം.എം. സുബൈർ,​ പന്തളം സുധാകരൻ,​ പ്രൊഫസർ അലിയാർ,​ ചെറിയാൻ ഫിലിപ്പ്,​ ജി.എസ്. വിജയൻ തുടങ്ങിയവർ അനുസ്‌മരിക്കും.