photo

നെടുമങ്ങാട് : പേര് മാതൃകാ ജംഗ്ഷനെന്ന് ! ഫുട്പാത്ത് നിറയെ കേബിളും മൺകൂനകളും. കാൽ നടക്കാർ സഞ്ചരിക്കുന്നത് ചീറിപ്പായുന്ന വാഹനങ്ങൾക്ക് നടുവിലൂടെ.ഫുട്പാത്ത് വഴി മാത്രമേ സഞ്ചരിക്കൂ എന്ന് വാശി പിടിച്ചാൽ കുഴഞ്ഞത് തന്നെ.ശ്രദ്ധ ഒന്ന് പിഴച്ചാൽ കേബിൾ കാലിൽ പിണഞ്ഞ് കാൽനടക്കാരൻ മണ്ണ് തിന്നും.സന്ധ്യ പിന്നിട്ടാൽ യാത്രക്കാർ എമർജൻസി ലൈറ്റോ മെഴുകുതിരി വെട്ടാമോ കൈവശം കരുതുകയേ മാർഗമുള്ളു. ഇരുളോരം ചേർന്ന് മറഞ്ഞു നില്കുന്ന പിടിച്ചുപറി സംഘങ്ങളെയും കാൽനടക്കാർ ഭയക്കണം.താലൂക്കാസ്ഥാനത്തെ ഏറ്റവും തിരക്കേറിയ കച്ചേരിനട ജംഗ്‌ഷന്റെ ദുരവസ്ഥയാണിത്.പോസ്റ്റാഫീസ്,റവന്യു ടവർ, വിവിധ കോടതികൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ തുടങ്ങി നിത്യവും പതിനായിരങ്ങൾ എത്തുന്ന നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ജംഗ്ഷനിൽ കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴിയിലെ മണ്ണും കേബിൾ റോളുകളും കൂട്ടിയിട്ട് കാൽനട തടസപ്പെടുത്തിയിട്ട് മാസങ്ങളായി.നടവഴിയിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് ഫ്ലക്സ് ബോർഡുകളും കമാനങ്ങളും ഇടംപിടിക്കുന്നതും സ്ഥിരം കാഴ്ചയാണ്.ഇലക്ട്രിസിറ്റി ബോർഡാണ് അനധികൃത കേബിൾ കുഴികളിൽ മണ്ണും കേബിളും കൂന കൂട്ടി വഴിയാത്രികരുടെ ക്ഷമ പരീക്ഷിക്കുന്നത്.മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഗവ. ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾ തലനാരിഴയ്ക്കാണ് അപായത്തുരുത്തിൽ നിന്ന് രക്ഷപ്പെടുന്നത്.ജംഗ്‌ഷൻ നവീകരണം ഉൾപ്പടെകോടികളുടെ റോഡ് നവീകരണം ഫയലിൽ ഇഴയുമ്പോഴാണ് കച്ചേരി ജംഗ്‌ഷന്റെ വീർപ്പ്മുട്ടൽ.

ചരിത്രമുറങ്ങുന്ന കച്ചേരിനട

നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ കൂറ്റൻ അരയാലും നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമടുതാങ്ങിയും ഉൾപ്പെടുന്നതാണ് മാതൃകാ ജംഗ്‌ഷൻ.സി.ദിവാകരൻ എം.എൽ.എ മുൻകൈ എടുത്ത് നിർമ്മിക്കുന്ന 400 കോടി രൂപയുടെ നിർദ്ദിഷ്ട നാലുവരിപ്പാത ഇതുവഴിയാണ് കടന്നുപോകേണ്ടത്.സൂര്യ റോഡ് മുതൽ ഗേൾസ് സ്‌കൂൾ റോഡ് വരെ ഒരു കി.മീറ്റർ നവീകരണത്തിനായി ഒരു കോടി രൂപ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്.അരയാലും ചുമടുതാങ്ങിയും സംരക്ഷിത കേന്ദ്രമായി നിലനിറുത്തി മാതൃക ജംഗ്‌ഷൻ ശാസ്ത്രീയമായി നവീകരിക്കാൻ ഈ പദ്ധതിയിൽ നിർദേശമുള്ളതായാണ് സൂചന.

വസ്തുഉടമകളുമായി ചർച്ച ഉടനെ

റോഡ്,നടപ്പാത,ഓട എന്നിവ ഉൾപ്പടെ 21 മീറ്റർ വീതിയിലാണ് നഗരഹൃദയത്തിൽ നാലുവരിപ്പാത നിർമ്മിക്കുന്നത്.ജില്ലാ ആശുപത്രി,ചന്തമുക്ക്,കച്ചേരിനട,സത്രംമുക്ക് വഴി പഴകുറ്റി പെട്രോൾ പമ്പിനു സമീപം ചെങ്കോട്ട മെയിൽ റോഡിൽ സന്ധിക്കും.ലാൻഡ് അക്വിസേഷൻ തഹസിൽദാരുടെ നേതൃത്വത്തിൽ എടുക്കേണ്ട സ്ഥലങ്ങളുടെ ഗസറ്റഡ് നോട്ടിഫിക്കേഷൻ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.അലൈൻമെന്റ് കല്ലിടാനുള്ള ടെണ്ടറും നല്കി.സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായി വസ്തു വിട്ടു നൽകേണ്ട ഉടമകളുമായി ചർച്ച നടത്തും.അതിനുശേഷമായിരിക്കും നിർമ്മാണ ജോലികളിലേക്ക് കടക്കുക.

പ്രതികരണം
--------------------
''ഗേൾസ്-സൂര്യ റോഡിന്റെ പണി ഉടൻ ആരംഭിക്കും.മറ്റുചില പ്രധാന റോഡുകളുടെ കരാറുകാരനാണ് ഈ വർക്കും എടുത്തിട്ടുള്ളത്.ഫുട്പാത്തിലെ മൺകൂനയും കേബിളും ഉടൻ നീക്കം ചെയ്യാൻ വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്""
-ജയരാജ് (അസി.എക്സിക്യുട്ടീവ് എഞ്ചിനിയർ,പി.ഡബ്ലിയു.ഡി )

ഫയലിൽ ഇഴയുന്നത് 400 കോടി