തിരുവനന്തപുരം : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തലസ്ഥാന നഗരത്തിന് വികസനത്തിന്റെ പുത്തൻ മുഖം സമ്മാനിക്കുന്ന മാസ്റ്റർ പ്ലാൻ നഗരസഭ ജൂലായിൽ നടപ്പിലാക്കും. ഇതുസംബന്ധിച്ച നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചശേഷം ജൂലായ് ഒന്നിന് മാസ്റ്റർപ്ലാൻ സർക്കാരിന് സമർപ്പിക്കാനും ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.

ഇതിന് മുന്നോടിയായി ഏപ്രിൽ രണ്ടിന് കരട് പ്രസിദ്ധീകരിക്കും. എട്ടിന് പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാൻ വികസന സെമിനാർ നടത്തും. 15ന് കൗൺസിൽ യോഗം ചേർന്ന് ചർച്ച. ഇതിന് ശേഷം ജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കും. ജൂലായ് അഞ്ച് മുതൽ മാസ്റ്റർ പ്ലാനിലെ നടപടികൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മേയർ കെ. ശ്രീകുമാർ വ്യക്തമാക്കി.
മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ ജനുവരി അഞ്ച് വരെ നടക്കും. ജനുവരി എട്ടിന് വിദഗ്ദ്ധ സമിതി അതുവരെയുള്ള നടപടികൾ പരിശോധിക്കും. ഫെബ്രുവരി 17ന് കൗൺസിലർമാർക്ക് വികസന സങ്കൽപങ്ങൾ അവതരിപ്പിക്കാം. 18 മുതൽ മാർച്ച് 15 വരെ വാർഡ് സഭ ചേരും. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഒന്നാംഘട്ട നടപടികൾ പൂർത്തിയായതായി വികസന സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ ബാബു അറിയിച്ചു. ഭൂവിനിയോഗസർവേ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റൽ, വിവര ശേഖരണം, സാമൂഹ്യ സാമ്പത്തിക സർവേ എന്നിവയാണ് ഒന്നാംഘട്ടത്തിൽ നടന്നത്.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നും വരും ദിവസങ്ങളിൽ അത് പരിഹരിച്ചശേഷം തുടർ നടപടികളിലേക്ക് കടന്നാൽ മതിയെന്നും യോഗത്തിൽ യു.ഡി.എഫ്, ബി.ജെ.പി കൗൺലർമാർ ആവശ്യപ്പെട്ടു.