തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ ജനതാദൾ-എസും ലോക് താന്ത്രിക് ജനതാദളും ലയനത്തിലേക്ക്. 2009ലെ ലോക്‌സഭാ സീറ്റ് തർക്കത്തെ തുടർന്ന് ഇടതുമുന്നണി വിടുകയും എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പാർട്ടി പിളർത്തിപ്പോവുകയും ചെയ്ത ശേഷം ജെ.ഡി.എസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി അകൽച്ചയിലായിരുന്ന വീരേന്ദ്രകുമാർ അതവസാനിപ്പിച്ച് കഴിഞ്ഞ
ദിവസം ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി.
വീരേന്ദ്രകുമാർ ഇടത് സ്വതന്ത്ര എം.പിയാണ്. അദ്ദേഹത്തിന്റെ മകൻ എം.വി. ശ്രേയാംസ് കുമാർ അദ്ധ്യക്ഷനായ ലോക്‌താന്ത്രിക് ജനതാദൾ കേരളഘടകം ജനതാദൾ-എസിൽ ലയിക്കുമെന്നാണ് സൂചന. ലയിച്ചുവരുന്ന കക്ഷികളുടെ നേതാക്കളുടെ പദവികളടക്കമുള്ള കാര്യങ്ങൾ പിന്നീട് വിശദമായി ചർച്ച ചെയ്യും. ഇതിന് മുന്നോടിയായി ശ്രേയാംസ് കുമാർ കോട്ടയ്ക്കലിൽ ചികിത്സയിൽ കഴിയുന്ന ദേവഗൗഡയെ കാണും.
ഏറെ നാളായി ലയനചർച്ചകൾ സജീവമായിരുന്നെങ്കിലും ആര് ആരിൽ ലയിക്കണമെന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ തട്ടി അനങ്ങാതെ നിൽക്കുകയായിരുന്നു. കടൽ നദിയിൽ ലയിക്കില്ലെന്ന വാശിയായിരുന്നു ലോക്‌താന്ത്രിക് വിഭാഗം പ്രകടിപ്പിച്ചുവന്നതെങ്കിലും ഇതിൽ വിട്ടുവീഴ്ചയുണ്ടായതോടെയാണ് ലയനനീക്കം സജീവമായത്. പുതുവർഷത്തിന്റെ തുടക്കത്തിൽ അത് സംഭവിച്ചേക്കും. ജനതാദൾ-എസ് നേതാക്കളായ മന്ത്രി കെ. കൃഷ്ണൻകുട്ടിയും സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. നാണുവുമാണ് പ്രത്യേക ഉപാധികളില്ലാതെ ചർച്ചകൾക്ക് മുൻകൈയെടുത്തത്. എന്നാൽ മുൻ അദ്ധ്യക്ഷനും മുൻമന്ത്രിയുമായ മാത്യു ടി.തോമസ് ആകട്ടെ, ജനതാദൾ-എസിൽ നിന്ന് വിഘടിച്ച് പോയവർ തിരിച്ച് ഇതിലേക്ക് തന്നെ വരണമെന്ന നിലപാടെടുത്തു. കഴിഞ്ഞദിവസം ദേവഗൗഡ കോട്ടയ്ക്കലിൽ വച്ച് പാർട്ടിയുടെ സംസ്ഥാനത്തെ പ്രധാനികളായ സി.കെ.നാണു, മാത്യു ടി.തോമസ്, കെ.കൃഷ്ണൻകുട്ടി, എ. നീലലോഹിതദാസ് എന്നിവരുമായി ചർച്ച നടത്തി. ജെ.ഡി.എസിലേക്ക് വരാൻ എൽ.ജെ.ഡി സന്നദ്ധമായാൽ തർക്കമില്ലെന്നതാണ് മാത്യു ടി.തോമസിന്റെയും നീലലോഹിതദാസിന്റെയും നിലപാട്. ജനുവരി ഒന്നിന് ജെ.ഡി.എസിന്റെ ഈ നാല് നേതാക്കളും തിരുവനന്തപുരത്ത് ചർച്ച നടത്തും.
യു.ഡി.എഫിന്റെ ഭാഗമായി മാറിയ സോഷ്യലിസ്റ്റ് ജനതാദൾ പിന്നീട് നിതീഷ് കുമാറിന്റെ ഐക്യ ജനതാദളിൽ ലയിച്ചെങ്കിലും നിതീഷും സംഘവും എൻ.ഡി.എയിലേക്ക് മടങ്ങിയപ്പോൾ വീരേന്ദ്രകുമാർ വിഭാഗം പാർട്ടി വിടുകയായിരുന്നു. തുടർന്ന് ശരത് യാദവിന്റെ നേതൃത്വത്തിൽ ലോക് താന്ത്രിക് ജനതാദൾ രൂപീകരിച്ചു. യു.ഡി.എഫ് വിട്ട വീരേന്ദ്രകുമാർ വിഭാഗം ഇടതുമുന്നണിയിൽ തിരിച്ചെത്തി. ജെ.ഡി.യു വിടുകയും പുതിയ പാർട്ടി നിലവിലില്ലാതിരിക്കുകയും ചെയ്ത സന്ദർഭമായതിനാൽ രാജ്യസഭയിലേക്ക് ഇടതു സ്വതന്ത്രനായാണ് വീരേന്ദ്രകുമാർ ജയിച്ചത്. ഈ സാങ്കേതികത്വം കാരണമാണ് അദ്ദേഹത്തിന് പിന്നീട് ലോക്‌താന്ത്രിക് ദളിന്റെ ഭാഗമാകാനാവാതെ പോയത്.