തിരുവനന്തപുരം: നഗരത്തിൽ വീടുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ നഗരസഭയുടെ ലൈസൻസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം പരിഗണിച്ചത്. നഗരത്തിലെ ചെറുകിട ഹോസ്റ്റലുകളെക്കുറിച്ച് കൃത്യമായ വിവരം നഗരസഭയ്ക്കില്ല. ഹോസ്റ്റലുകളുടെ സുരക്ഷ, ഭക്ഷണ നിലവാരം തുടങ്ങിയ കാര്യങ്ങളിൽ നഗരസഭയുടെ ഇടപെടൽ വേണമെന്ന് കൗൺസിലർ പി.എസ്. അനിൽകുമാറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജനും ആവശ്യപ്പെട്ടു. ഹോട്ടലുകളിൽ സുരക്ഷിത ഭക്ഷണ വിതരണം ഉറപ്പാക്കാനുള്ള സുഭോജനം പദ്ധതിയുടെ ബൈലാ പാസാക്കുന്നതിനിടെയാണ് ഹോസ്റ്റലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന വിഷയം പരിഗണിച്ചത്. ഇക്കാര്യം പരിശോധിക്കുമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു. സ്വകാര്യ ടാങ്കറുകളിലൂടെ വിതരണം ചെയ്യുന്ന ഗുണനിലവാരം ഉറപ്പാക്കുന്നതിനും മലിനജലം വിതരണം ചെയ്യുന്നവരെ പിടികൂടി പിഴ ചുമത്തുന്നതിനുമുള്ള ബൈലായും ഇന്നലെ ചേർന്ന കൗൺസിൽ അംഗീകരിച്ചു.