തിരുവനന്തപുരം: രോഗികൾക്ക് സാന്ത്വനം പകരുന്നതിനായി നിർമ്മിച്ച സി.എച്ച് സെന്ററിന്റെ പുതിയ റിലീഫ് ടവർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മെഡിക്കൽ കോളേജ് ചാലക്കുഴി ലെയിനിലാണ് റിലീഫ് സെന്റർ. ചികിത്സാർത്ഥം തലസ്ഥാനത്തെത്തുന്ന കാൻസർ രോഗികൾക്ക് സൗജന്യ താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്ന സി.എച്ച് സെന്ററിന്റെ പ്രവർത്തനം ഏവർക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനവികത ഉയർത്തിപ്പിടിച്ച സി.എച്ചിന്റെ ഓർമകൾ അടയാളപ്പെടുത്തുന്നതിന് ഇതുപോലെ കാരുണ്യത്തിന്റെ സാന്ത്വനംനൽകുന്ന സ്ഥാപനം ഔചത്യപൂർണമാണെന്നും അദ്ദേഹം പറഞ്ഞു. രോഗികൾക്ക് എല്ലാ സഹായവും പ്രദാനം ചെയ്യുന്ന സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ മകുടോദാഹരണമാണ് സി.എച്ച് സെന്ററെന്ന് റിലീഫ് സെന്ററിലെ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്‌ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പതിനായിരക്കണക്കിന് രോഗികൾക്ക് ആശ്രയമാണ് സി.എച്ച് സെന്ററെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് സെന്ററിന്റെ ബ്രോഷർ ഡോ.എ.പി. അൻവർ അമീനു നൽകി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്‌തീൻ മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പി.വി. അബ്ദുൽ വഹാബ് എം.പി, ഡോ.എം.കെ. മുനീർ, കെ. മുഹമ്മദ് ഈസ, കെ.പി. മുഹമ്മദ് കുട്ടി, ഇബ്രാഹിം എളേറ്റിൽ, ബീമാപള്ളി റഷീദ്, കെ.എൻ. മോഹൻദാസ് തുടങ്ങിയവർ സംബന്ധിച്ചു. സി.എച്ച് സെന്റർ പ്രസിഡന്റ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി സ്വാഗതവും ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീം നന്ദിയും പറഞ്ഞു.