നെടുമങ്ങാട് : നഗരസഭ പരിധിയിലുള്ള പുങ്കുംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്ര ഓഫീസിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ഇരുപത്തയ്യായിരം രൂപ മോഷണം പോയി. ഇന്നലെ രാവിലെ ക്ഷേത്രം കഴകക്കാർ എത്തിയപ്പോൾ ഓഫീസിന്റെയും അലമാരയുടെയും വാതിലുകൾ ഇരുമ്പു പാര ഉപയോഗിച്ച് പൊളിച്ച നിലയിലായിരുന്നു. ആഴ്ചകൾക്ക് മുമ്പ് വിലപിടിപ്പുള്ള വിളക്കുകളും ഇവിടെ നിന്ന് മോഷണം പോയിരുന്നു. ക്ഷേത്ര പരിസരത്ത് താവളമുറപ്പിക്കുന്ന ചിലരാണ് മോഷണത്തിന് പിന്നിലെന്നും പ്രദേശവാസികൾ ഭീതിയിലാണെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറി എസ്.രാജേന്ദ്രന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾ വട്ടപ്പാറ പൊലീസിൽ പരാതി നല്കി.