
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായി കേരളത്തിൽ സംയുക്ത സമരമാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ലീഗ് സംസ്ഥാന പ്രവർത്തക സമിതിയോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് നടത്തിയ സമരം ദേശീയ ശ്രദ്ധ പിടിച്ചുപറ്രി. കൂടുതൽ സമരപരിപാടികൾ സർവകക്ഷിയോഗത്തിൽ തീരുമാനിക്കും.
കേരളത്തിൽ യു.ഡി.എഫ് പൗരത്വ ഭേദഗതി ബില്ലിനെതിരായി നടത്തിയ സമരക്കാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചു കേസെടുത്തത് നിർഭാഗ്യകരമാണ്. പല സമരപരിപാടികൾക്കും അനുവാദമില്ലെന്ന് പറഞ്ഞ് നോട്ടീസ് നൽകുന്ന സമീപനമാണ് പൊലീസ് കൈക്കൊള്ളുന്നത് . ബില്ലിനെതിരായ നിലപാട് മുഖ്യമന്ത്രികൂടി കൈക്കൊണ്ട സ്ഥിതിക്ക് സമരത്തെ ആ നിലയ്ക്കാണ് കാണേണ്ടത്.
നെഹറുവും ഗാന്ധിജിയും പാകിസ്ഥാനിൽ നിന്നുള്ള മുസ്ലിങ്ങളല്ലാത്തവർക്കാണ് സംരക്ഷണം നൽകേണ്ടത് എന്നു പറഞ്ഞെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന അദ്ദേഹമിരിക്കുന്ന പദവിക്ക് ചേർന്നതല്ല.
പൗരത്വ നിയമത്തിനെതിരെ ജനുവരി 11, 12 തീയതികളിൽ ജില്ലകളിലും ലീഗ് പ്രവർത്തകർ ബഹുജന മാർച്ച് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.