vilappilsala

മലയിൻകീഴ് : കൊല്ലംകോണം എസ്.എൻ.ഡി.പി ഹാളിനു സമീപം വാടകയ്ക്ക് നൽകിയ വീട് ഒഴിഞ്ഞ് നൽകാത്തതിനെ തുടർന്ന് നാല് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ഭിന്നശേഷിക്കാരിയായ ശാരികയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണിത്. ശാരികയുടെ അമ്മ വിമലകുമാരി നിരാഹാരം തുടരുകയാണ്. ശാരികയെ പൊലീസ് ആംബുലൻസിൽ കയറ്റിയപ്പോൾ പൊട്ടിക്കരഞ്ഞ് മകൾ ഭാമിനിയും (11) ഒപ്പം കയറി. കുട്ടിയുടെ നിലവിളി ഉയർന്നപ്പോൾ നാട്ടുകാർ ഒന്നടങ്കമെത്തി വാടകക്കാരൻ അനധികൃതമായി നിർമ്മിച്ചിരുന്ന ഷെഡ് പൊളിച്ചു നീക്കി ഇയാളെ ഒഴിപ്പിച്ചു. വീട് ഒഴിഞ്ഞ് നൽകണമെന്ന ആവശ്യവുമായാണ് വാടക വീടിന് സമീപം പന്തൽകെട്ടി അമ്മയും മകളും നിരാഹാര സമരം തുടങ്ങിയത്. ശാരികയ്ക്ക് പിതാവ് രവീന്ദ്രൻനായർ ഇഷ്ടദാനം നൽകിയതാണ് രണ്ടുമുറി കടകളടങ്ങിയ വീട്. പ്രദേശവാസിയായ അൻവറിന് ഒന്നര വർഷം മുൻപാണ് പച്ചക്കറി കച്ചവടത്തിന് കടമുറി വാടകയ്ക്ക് നൽകിയത്. എന്നാൽ ആറു മാസം മുൻപ് അൻവർ ശാരികയെയും മക്കളെയും പുറത്താക്കി വീട് കൈയടക്കുകയും വീടിനോട് ചേർന്ന വസ്തുവും റോഡും കൈയേറി അനധികൃത ഷെഡ് നിർമ്മിക്കുകയും ചെയ്തു. ശാരികയുടെ പരാതിയെ തുടർന്ന് മാസങ്ങൾക്ക് മുൻപ് വിളപ്പിൽ ഗ്രാമപഞ്ചായത്ത് അധികൃതരെത്തി റോഡ് അപഹരിച്ചുള്ള നിർമ്മാണം പൊളിച്ച് നീക്കിയിരുന്നു.ശാരികയും മക്കളും ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ പൊലീസും ജനപ്രതിനിധികളും വാടകക്കാരനുമായി ഒത്തുതീർപ്പു ചർച്ച നടത്തി. നാല് മാസത്തിനുള്ളിൽ കെട്ടിടം ഒഴിഞ്ഞു നൽകുമെന്നായിരുന്നു അൻവർ വിളപ്പിൽശാല സി.ഐക്ക് മുന്നിൽ നൽകിയ ഉറപ്പ്. എന്നാൽ ഇയാൾ വീട് ഒഴിയാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് ഇവർ നിരാഹാരത്തിലേക്ക് തിരിഞ്ഞത്.