കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് മതിൽ നിർമിക്കാൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ആശുപത്രി ഭൂമി കൈയേറി സ്വകാര്യ വ്യക്തിക്ക് വഴിയൊരുക്കിയതായി പരാതി. സ്വകാര്യ വ്യക്തിക്ക് വഴിയൊരുക്കാനായി നിലവിലെ മതിൽ ഇടിച്ച് 50 മീറ്ററോളം സർക്കാർ വസ്തു കൈയേറി മതിൽ നിർമ്മിച്ചതിൽ ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂ ട്ടീവ് എൻജിനീയർ അടക്കം കൂട്ടുനിന്നതായി നാട്ടുകാർ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ മതിൽ പൂർവസ്ഥിതിയിൽ പുനർ നിർമിക്കാൻ എച്ച്.എം.സി ചെയർമാൻ നിർദേശിച്ചു. നഗരൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കേശവപുരം സി.എച്ച്.സിയുടെ വസ്തുവാണ് അതിക്രമിച്ച് കയറി മതിൽ നിർമിച്ചത്. ആശുപത്രിയുടെ ചുറ്റുമതിൽ ചില ഭാഗങ്ങളിൽ പൊളിഞ്ഞ് വീണിരുന്നു. ഇത് നിർമിക്കാനായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചു. അതേ സമയം, മതിൽ നിർമ്മിക്കുന്നതിന് പകരം നിലവിലുള്ള മതിലിന് അമ്പതോളം മീറ്റർ അകത്തായി മറ്റൊരു മതിൽ നിർമിച്ചശേഷം പഴയ മതിൽ ഇടിച്ചു നിരത്തുകയുമായിരുന്നു. എന്നാൽ, ആശുപത്രിക്ക് ചുറ്റുമതിൽ നിർമിക്കാനാണ് ഫണ്ട് അനുവദിച്ചതെന്നും മേൽനോട്ടം എ.എക്സ്.ഇയെ ഏൽപ്പിച്ചി രുന്നുവെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ് കേരള കൗമുദിയോട് പറഞ്ഞു. എന്നാൽ ഇതിന് വിരുദ്ധമായ നിർമാണമാണ് നടന്നിരിക്കുന്നതെന്നും, ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലത്തെ ത്തി നിർമാണം നിർത്തിവക്കാൻ ആവശ്യ പ്പെട്ടതായും ഇവർ പറഞ്ഞു. ഉച്ചക്ക് ശേഷം ചേർന്ന എച്ച്.എം.സി കമ്മിറ്റിയിൽ ഇടിച്ച മതിൽ പുനഃസ്ഥാപിക്കണമെന്ന് കരാറുകാരനോട് നിർദേശിച്ചതായും പ്രസിഡന്റ് പറഞ്ഞു.