തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസ് എൻ.ഐ.എ ഏറ്റെടുത്തതിൽ വിവാദം കനക്കുന്നു. യു.എ.പി.എ കരിനിയമമെന്ന് പറഞ്ഞ് എതിർക്കുന്ന സി.പി.എമ്മിന് കേസ് എൻ.ഐ.എ ഏറ്റെടുത്തത് വലിയ ക്ഷീണമായിരിക്കെ, മുഖം രക്ഷിക്കാനെന്നോണം ഇന്നലെ കേന്ദ്രസർക്കാരിനെ പഴിചാരി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി.
കോഴിക്കോട്ട് മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ചാർജ് ചെയ്ത കേസ് കേന്ദ്രസർക്കാർ ഇടപെട്ട് എൻ.ഐ.എയെ ഏല്പിച്ചത് പ്രതിഷേധാർഹമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഈ കേസിൽ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകവെയാണ് കേന്ദ്രസർക്കാർ അന്വേഷണം എൻ.ഐ.എയെ ഏൽപ്പിച്ചിരിക്കുന്നത്. ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സർക്കാരുമായി ആലോചന പോലും നടത്താതെ കേസ് എൻ.ഐ.എയെ ഏൽപ്പിച്ചത്. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനേ സഹായിക്കൂ എന്നും പ്രസ്താവനയിൽ പറഞ്ഞു.
കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ യുവാക്കൾക്ക് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത മങ്ങിയിരിക്കുകയാണെന്നാണ് വിലയിരുത്തൽ. എന്നാൽ, യു.എ.പി.എ നിയമപ്രകാരം കേസ് ചുമത്തിയാൽ സ്വമേധയാ എൻ.ഐ.എക്ക് വിവരം കൈമാറണം.. കേസെടുക്കണോയെന്ന് തീരുമാനിക്കേണ്ടത് എൻ.ഐ.എ ആണെന്നിരിക്കെ, സി.പി.എമ്മിന്റെ പ്രസ്താവനയും ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. .
എൻ.ഐ.എ കേസ് ഏറ്റെടുത്തത് ഷോക്കായിപ്പോയെന്ന് അറസ്റ്റിലായ അലന്റെ അമ്മ സബിത മഠത്തിൽ കഴിഞ്ഞദിവസം ദൃശ്യമാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ജീവനായിരുന്ന പാർട്ടിയെ അത്രമേൽ സ്നേഹിച്ചിട്ടും മുഖ്യമന്ത്രി ദാക്ഷിണ്യമില്ലാതെ പെരുമാറിയെന്നാണ് അവർ പറഞ്ഞത്. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പോലും പറഞ്ഞിട്ടില്ല. അവർ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം വളരെ വിഷമമുണ്ടാക്കി. പൗരത്വബില്ലിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിച്ച മുഖ്യമന്ത്രി ,അലനെയും താഹയെയും മറന്നു. യു.എ.പി.എ കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞവരാണിപ്പോൾ അതേ വകുപ്പ് ചുമത്തി കുട്ടികളെ അറസ്റ്റ് ചെയ്തത്. ലഘുലേഖയോ, പുസ്തകമോ കൈവശം വച്ചത് യു.എ.പി.എ ചുമത്തേണ്ടതിൽപ്പെടില്ല. എന്തുകൊണ്ടാണ് ഒരിടതുപക്ഷസർക്കാർ ഇങ്ങനെ പെരുമാറിയതെന്ന് മനസ്സിലാവുന്നില്ല. അലന് ഒരു തരത്തിലുള്ള മാവോയിസ്റ്റ് ബന്ധവുമില്ലെന്നും അവർ പറഞ്ഞു.