കാട്ടാക്കട: വാടക വീട്ടിൽ ആയുർവേദ മസാജിന്റെ മറവിൽ ആധുനിക രീതിയിൽ ചാരായം വാറ്റിയ ഒരാൾ പിടിയിൽ. വിളവൂർക്കൽ പേയാട് അലകുന്നം ബിന്ദു ഭവനിൽ ബിനു (46) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കാട്ടാക്കട എക്സൈസ് പേയാട് കുണ്ടമൺ ഭാഗം കുരിശുമുട്ടത്ത് നടത്തിയ പരിശോധനയിലാണ് വ്യാജചാരായ നിർമ്മാണം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ചൊവാഴ്ച രാത്രി എക്സൈസ് നടത്തിയ രഹസ്യ നീക്കത്തിൽ വിൽപ്പനയ്ക്ക് സജ്ജമാക്കിയ 35 ലിറ്റർ വീതം വരുന്ന 4 കന്നാസ് ചാരായവും 10 ലിറ്ററിന്റെ ഒരു കന്നാസ് ചാരായവും ഉൾപ്പെടെ 150 ലിറ്റർ വാറ്റ് ചാരായം പിടിച്ചു. കോട, പാചക വാതകം, അടുപ്പ്, വാറ്റാനുള്ള അനുബന്ധ ഉപകരണങ്ങൾ ചാരായം നിറയ്ക്കുന്നതിനുള്ള കുപ്പികൾ, ചാരായം ആവശ്യക്കാരന് എത്തിക്കാൻ സ്‌കൂട്ടർ, 11,350 രൂപ എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ ഓണക്കാലം മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. വിശ്വസ്തർ എപ്പോൾ വിളിച്ചാലും ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു നൽകും എന്നതിനാൽ ആവശ്യക്കാരും ഏറെയായിരുന്നു.
വ്യത്യസ്തമായ രീതിയിൽ വാറ്റാൻ സംവിധാനം ഒരുക്കിയിരുന്നു. വാറ്റാനായി അടുപ്പിൽ വയ്ക്കുന്ന കാനിൽ പ്രത്യേകം പൈപ്പ് ഘടിപ്പിച്ച് ഇതിലൂടെ ഹോസ് വഴി മിശ്രിതം പച്ച വെള്ളം നിറച്ച സ്പ്രിംഗ് മാതൃകയിൽ ചെമ്പ് പൈപ്പ് ഘടിപ്പിച്ച പാത്രത്തിൽ എത്തിക്കും. ഇവിടെ തണുപ്പിച്ച് പുറത്തേക്ക് ഹോസ് വഴി കുപ്പിയിൽ നിറയ്ക്കുന്ന ആധുനിക സജ്ജീകരണമാണ് വാറ്റാനായി ഒരുക്കിയിരുന്നത്. സ്പിരിറ്റ് കലരാത്ത ചാരായത്തിനു ലിറ്ററിന് 1000 രൂപയാണ് ഈടാക്കിയിരുന്നത്. വിശ്വസ്തർക്കും സ്ഥിരം ഉപഭോക്താക്കൾക്കും, ഇവരുടെ പരിചയത്തിൽ എത്തുന്നവരിൽ ഒറ്റുകാരല്ലെന്ന് ബോദ്ധ്യം വരുന്നവർക്കും മാത്രമേ ചാരായം വിൽപ്പന നടത്തുകയുള്ളൂ. ഓർഡർ ലഭിച്ചാൽ സസൂക്ഷ്മം വീക്ഷിച്ചു മാത്രമാണ് ഇയാൾ ചാരായം ആവശ്യക്കാരന്റെ സമീപം എത്തിച്ചു തുക കൈപ്പറ്റുക. കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പക്ടർ ബി.ആർ.സുരൂപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ വി.ജി.സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹർഷകുമാർ, രാജീവ് ഷംനാദ്, പ്രശാന്ത്, ഡ്രൈവർ സുനിൽ പോൾ ജയിൻ എന്നിവരടങ്ങിയ സംഘം റെയിഡിന് നേതൃത്വം നൽകി.