kuttanad

തിരുവനന്തപുരം: തോമസ്ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ യു.ഡി.എഫിൽ കോൺഗ്രസും എൽ.ഡി.എഫിൽ സി.പി.എമ്മും അണിയറ നീക്കം തുടങ്ങി. സീറ്റ് പിടിച്ചെടുക്കണമെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന ആവശ്യമാണ് ഒരുവശത്ത്. സീറ്റ് നിലനിറുത്താൻ സി.പി.എം തന്നെ മത്സരിക്കണമെന്നാണ് മറുവശത്ത്.

യു.ഡി.എഫിൽ കേരള കോൺഗ്രസ് പി.ജെ. ജോസഫ് ഗ്രൂപ്പിന്റേതാണ് സീറ്റ്. കുട്ടനാട്ട് സീറ്റ് ഏറ്റെടുക്കണമെന്ന് നീലംപേരൂർ, കാവാലം, എടത്വാ തുടങ്ങിയ കോൺഗ്രസ് കമ്മിറ്റികളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇതിൽ രണ്ട് കമ്മിറ്റികൾ കോൺഗ്രസ് മത്സരിക്കണമെന്ന പ്രമേയവും പാസാക്കി. ജോസ് കെ.മാണി- ജോസഫ് തർക്കം രൂക്ഷമായി നിൽക്കുന്നതിനാൽ സീറ്റ് വിട്ടു കൊടുക്കരുതെന്നാണ് മണ്ഡലം കമ്മിറ്റികളുടെ ആവശ്യം. പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പകരംവീട്ടാനായി ജോസഫ് വിഭാഗം സ്ഥാനാർത്ഥിയെ ജോസ് വിഭാഗം തോൽപ്പിക്കുമെന്ന ആശങ്ക മുന്നണിക്കുണ്ട്.

സീറ്റ് ഏറ്രെടുക്കുന്ന കാര്യം ജോസഫുമായി സംസാരിക്കാമെന്ന് ആലപ്പുഴയിലെ നേതാക്കൾക്ക് ഉമ്മൻചാണ്ടി ഉറപ്പ് നൽകിയിട്ടുണ്ട്. കഴി‌ഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെ ക്ഷീണം തീർക്കാൻ സ്വന്തം ജില്ലയിൽ മുന്നണി സ്ഥാനാർത്ഥിയെ ജയിപ്പിക്കേണ്ടത് ചെന്നിത്തലയുടെയും ഉത്തരവാദിത്വമാണ്. ഈഴവ സ്ഥാനാർത്ഥിയെ നിറുത്തി നിയമസഭയിൽ നഷ്ടപ്പെട്ട ഈഴവ പ്രാതിനിധ്യം വീണ്ടെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യം.

കുട്ടനാട് മണ്ഡലം പുന:ക്രമീകരിച്ചതോടെ തകഴി, നെടുമുടി മണ്ഡലങ്ങൾ കൂടിചേരുകയും ഈഴവ സമുദായത്തിന് വളരെയധികം സ്വാധീനമുള്ള മണ്ഡലമായി മാറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൻ.ഡി.എയും തമ്മിൽ നാലായിരത്തിൽപരം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞതവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് ജോസഫ് വിഭാഗം ആലോചിക്കുന്നത്.എന്നാൽ പാലാ ദുരന്തം ആവർത്തിക്കരുതെന്ന ശക്തമായ നിലപാടിലാണ് കോൺഗ്രസ്.

എൽ.ഡി.എഫിൽ തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എൻ.സി.പിക്ക് എളുപ്പമാകില്ല. തോമസ്ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ചാണ്ടിയുടെ സഹോദരനെയോ മകളെയോ മത്സരിപ്പിക്കാനാണ് ആലോചന. എന്നാൽ തോമസ് ചാണ്ടിയോളം സ്വീകാര്യത കിട്ടുമോയെന്ന ആശങ്ക എൻ.സി.പിക്കുണ്ട്. കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ആലപ്പുഴ സി.പി.എമ്മിലും ശക്തമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സീറ്റ് ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യമുയർന്നെങ്കിലും ഒടുവിൽ സി.പി.എം വഴങ്ങുകയായിരുന്നു.