തിരുവനന്തപുരം: പാലായിൽ മിന്നും വിജയം നേടിയ മാണി സി. കാപ്പനെ മന്ത്രിയാക്കാനുള്ള ചർച്ചകൾ എൻ.സി.പിയിൽ വീണ്ടും സജീവം. തോമസ്ചാണ്ടിയുടെ നിര്യാണത്തോടെയാണ് എൻ.സി.പിയിൽ ചർച്ചകൾക്ക് ചൂടുപിടിച്ചിരിക്കുന്നത്. എ.കെ. ശശീന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനാക്കി മാണി സി. കാപ്പനെ പകരം മന്ത്രിയാക്കാനാണ് അണിയറ ചർച്ചകൾ നടക്കുന്നത്. മാണി സി. കാപ്പനെ മന്ത്രിയാക്കുന്നതിനോട് സി.പി.എമ്മിനും എതിർപ്പില്ലെന്നാണ് സൂചന. കാപ്പന് മന്ത്രി സ്ഥാനം കൊടുക്കുന്നത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് സി.പി.എം വിലയിരുത്തൽ.എന്നാൽ എൻ.സി.പിയുടെ ആഭ്യന്തര കാര്യങ്ങളിൽ സി.പി.എം കൈകടത്താൻ സാധ്യതയില്ല. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധിയിൽ ട്രേഡ് യൂണിയനുകളെല്ലാം ശശീന്ദ്രനോട് എതിർപ്പാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് മാണി സി. കാപ്പൻ ക്യാമ്പിന്റെ ലക്ഷ്യം.

ജനുവരി ഒന്നിന് തിരുവനന്തപുരത്ത് തോമസ് ചാണ്ടി അനുസ്മരണ സമ്മേളനം നടക്കുന്നുണ്ട്. അതിനുശേഷമായിരിക്കും പുതിയ അദ്ധ്യക്ഷനെ സംബന്ധിച്ച് ചർച്ചകൾ ഔദ്യോഗികമായി ആരംഭിക്കുക. തനിക്ക് സംസ്ഥാന അദ്ധ്യക്ഷൻ ആകാൻ താത്പര്യമില്ലെന്ന് മാണി സി. കാപ്പൻ ശരത് പവാർ അടക്കമുള്ള ദേശീയ നേതാക്കളെ അറിയിച്ചിട്ടുണ്ട്. മാണി സി. കാപ്പനില്ലെങ്കിൽ പകരം അദ്ധ്യക്ഷനാവുക പീതാംബരൻ മാസ്റ്ററോ എ.കെ. ശശീന്ദ്രനോ ആയിരിക്കും.

ak-saseendran

മന്ത്രിസ്ഥാനം രാജിവച്ച് പാർട്ടി അദ്ധ്യക്ഷനാകുന്നതിനോട് എ.കെ. ശശീന്ദ്രന് താത്പര്യമില്ല. പക്ഷേ, പാർട്ടിയിലെ വലിയ വിഭാഗത്തിന് ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിനോട് യോജിപ്പില്ല. കേസുകളെല്ലാം തീർത്ത് തോമസ്ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ ഒഴിയാം എന്ന തീരുമാനത്തിന്റെ പുറത്താണ് ശശീന്ദ്രൻ രണ്ടാമതും മന്ത്രിയായത്. ശശീന്ദ്രന്റെ രാജിയ്ക്കായി ദേശീയനേതൃത്വം ഇടപെടുമെന്നാണ് മാണി സി. കാപ്പൻ ക്യാമ്പിന്റെ പ്രതീക്ഷ. ഫെബ്രുവരിയോടെ മാത്രമേ അഴിച്ചുപണി പാർട്ടി ലക്ഷ്യമിടുന്നുള്ളൂ എന്ന് എൻ.സി.പി നേതാക്കൾ ഫ്ളാഷിനോട് വ്യക്തമാക്കി. അതുവരെ ടി.പി.പീതാംബരനെ താത്കാലിക അദ്ധ്യക്ഷനാക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന. ഉഴവൂർ വിജയൻ അന്തരിച്ചപ്പോൾ ടി.പി. പീതാംബരനാണ് അദ്ധ്യക്ഷന്റെ താത്കാലിക പദവി വഹിച്ചിരുന്നത്.