v

കടയ്ക്കാവൂർ: തകർന്ന റോഡും ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങളും യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നു.

കടയ്ക്കാവൂർ നേതാജി റോഡിന്റെ അവസ്ഥയാണിത്. കടയ്ക്കാവൂർ ഓവർബ്രിഡ്ജ് ജംഗ്ഷനിൽ നിന്നും റെയിൽവെ സ്റ്റേഷന് സമാന്തരമായി വക്കം ഭാഗത്തേയ്ക്ക് പോകുന്ന വളരെ പ്രധാനപ്പെട്ട റോഡാണിത്. കടയ്ക്കാവൂർ പോസ്റ്റാഫീസ്,സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ് എന്നീ പ്രധാന സ്ഥാപനങ്ങളും ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

റോഡിൽ കുണ്ടും കുഴിയും കാരണം നടക്കാൻ പറ്റാത്ത അവസ്ഥയായി. മഴക്കാലമായാൽ വെള്ളക്കെട്ടായി മാറും. കാറുകൾ മാത്രമല്ല ഓട്ടോകൾ പോലും ഇതുവഴി വരില്ല. ഗട്ടറുകൾ വർദ്ധിച്ചതോടെ സവാരിക്കായി ഒരൊറ്റ വാഹനം പോലും ഈ വഴി വരാറേയില്ല.

റെയിൽവെയുടെ വസ്തുവിൽ കൂടി കടന്നുപോകുന്നതിനാലാണ് അറ്റകുറ്റപണികൾ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ കഴിയാത്തത് എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. റോഡിൻെറ ഇരുവശങ്ങളിലും മദ്യകുപ്പികളും മാലിന്യങ്ങളും കൊണ്ട് തളളുന്നത് പതിവായി. മഴക്കാലമായാൽ മാലിന്യങ്ങൾ അഴുകി ദുർഗന്ധം വമിക്കും.

എന്നാൽ ദുർഗന്ധം മാത്രമല്ല മാലിന്യം അഴുകിയുളള പുഴുക്കളും കൊതുകുകളും പലവിധ രോഗങ്ങളും പരത്തുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.വളരെയധികം യാത്രാക്ളേശം അനുഭവിക്കുന്ന ഇൗ റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

റോഡിൽ മഴ വെള്ളം നിറയുന്നതോടെ അപകടങ്ങളും പതിവാകാൻ തുടങ്ങി.ഇതിനൊക്കെ പ്രധാന കാറണം റോഡിലെ ഗട്ടറും അനധികൃത പാർക്കിംഗുമാണ്. ട്രെയിൻ യാത്രക്കാർ ബൈക്കുകൾ പോസ്റ്റാഫീസ് ഭാഗത്തുളള റോഡിന്റെ വളങ്ങളിലാണ് പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഇരുദിശകളിൽ നിന്നും കാറിൽ വരുന്ന യാത്രക്കാർ കടന്നുപോകാൻ കഴിയാതെ കഷ്ടപ്പെടുകയാണ്.

 ഒന്നിലേറെ സർക്കാർ ഓഫീസിലേക്കുളള റോഡാണിത്. അധികൃതർ അടിയന്തിരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം.

അഡ്വ: റസൂൽഷാൻ, കോൺഗ്രസ് മണ്ഡലം

പ്രസിഡന്റ് കടയ്ക്കാവൂർ.