വാഷിംഗ്ടൺ : ക്രിസ്മസ് ലോകമെങ്ങും ആഘോഷിച്ചു. വ്യത്യസ്തമായ രീതിയിൽ ക്രിസ്മസ് ആഘോഷിച്ചതിന്റെ വാർത്തകൾ പുറത്തുവരികയാണ്. ബാങ്ക് കൊള്ളയടിച്ച് നേടിയ പണം നാട്ടുകാർക്ക് വാരിക്കോരി കൊടുത്ത് വ്യത്യസ്തമായ രീതിയിൽ ക്രിസ്മസ് അടിച്ചുപൊളിച്ച കള്ളനെക്കുറിച്ചുള്ള വാർത്ത അതിശയത്തോടെയാണ് ലോകം കേട്ടത്. അമേരിക്കയിലയ കൊളറാഡോയിലാണ് സംഭവം. അറുപത്തിയഞ്ചുകാരനായ ഡേവിഡ് വെയ്ൻ ഒലിവറായിരുന്നു ഇൗ സൂപ്പർ കള്ളൻ. പണം വഴിയാത്രക്കാർക്ക് ഇയാൾ എറിഞ്ഞുനൽകുകയായിരുന്നു.
കൊളറാഡോയിലെ അക്കാദമി ബാങ്കാണ് ഇയാൾ കൊള്ളയടിച്ചത്. ആയുധവുമായി ബാങ്കിലെത്തിയ ഡേവിഡ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയശേഷം നോട്ടുകെട്ടുകൾ ബാഗിൽ കുത്തിനിറയ്ക്കുകയായിരുന്നു. പുറത്തിറങ്ങിയ ഉടൻ ബാഗിൽ നിന്ന് പണംഎടുത്ത് അന്തരീക്ഷത്തിലേക്ക് വലിച്ചെറിയുകയും മേരി ക്രിസ്മസ് എന്ന ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്തു. സംഭവമറിഞ്ഞതോടെ ജനങ്ങൾ ഇവിടേക്ക് ഒഴുകി. കിട്ടാവുന്നതിന്റെ പരമാവധി പണം കൈക്കലാക്കിയശേഷമാണ് ചിലർ മടങ്ങിയത്. വിവമറിഞ്ഞ് ഉടൻ പൊലീസ് സ്ഥലത്തെത്തി ഡേവിഡിനെ അറസ്റ്റുചെയ്തു. ഇൗ സമയത്ത് ഒലിവറിന്റെ കൈവശം ആയുധങ്ങളൊന്നും ഇല്ലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഡേവിഡ് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല.
നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ് . വഴിയാത്രക്കാരിൽ ചിലർ പണം തിരികെ നൽകിയെങ്കിലും ലക്ഷങ്ങൾ ഇനിയും കിട്ടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. എത്രരൂപയാണ് ബാങ്കിന് നഷ്ടമായതെന്ന് വ്യക്തമല്ല.