തിരുവനന്തപുരം: കുട്ടികൾ മണ്ണ് വാരിത്തിന്നുവെന്ന പരാതിയെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ തുടർച്ചയായി ശിശുക്ഷേമസമിതി മുൻ ജനറൽ സെക്രട്ടറി എസ്.പി. ദീപകിനെ പേട്ട ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സി.പി.എം ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചു. നിലവിൽ വഞ്ചിയൂർ ഏരിയാകമ്മിറ്റി അംഗമാണ്. ജില്ലാ സെക്രട്ടേറിയറ്റിന്റെ ഇതുസംബന്ധിച്ച നിർദ്ദേശം 24ന് ചേർന്ന ജില്ലാകമ്മിറ്റി ഐകകണ്ഠ്യേന അംഗീകരിച്ചു.
ഇല്ലാത്ത പരാതി ശിശുക്ഷേമസമിതിക്ക് എഴുതി നൽകാൻ കുട്ടികളുടെ അമ്മയ്ക്ക് ഒത്താശചെയ്ത വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.വി. വിമൽകുമാറിനെ സ്ഥാനത്തുനിന്ന് നീക്കും. മറ്റെന്തെങ്കിലും നടപടി വേണമോയെന്ന് ഏരിയാകമ്മിറ്റി തീരുമാനിക്കും. ഇന്നലെ വൈകിട്ട് ചേരാനിരുന്ന ഏരിയാകമ്മിറ്റി യോഗം നാളത്തേക്കു മാറ്റി. അതിൽ റിപ്പോർട്ട് ചെയ്തശേഷമാകും നടപടി ഔദ്യോഗികമായി അംഗീകരിക്കുക.
വ്യക്തിതാത്പര്യത്തിനായി അവധാനതയില്ലാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ആരോഗ്യസൂചികയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ സർക്കാരിനും പാർട്ടിക്കും അതുവഴി നാണക്കേടുണ്ടാക്കുകയും ചെയ്തുവെന്നതിനാണ് ദീപകിനെതിരെ നടപടിക്ക് നിർദ്ദേശമുണ്ടായത്. ഇതേ വിഷയത്തിൽ ശിശുക്ഷേമസമിതി ജനറൽസെക്രട്ടറി സ്ഥാനം നഷ്ടമായിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ദീപകിനെ അതൃപ്തി അറിയിക്കുകയും പാർട്ടി നിർദ്ദേശിച്ചതനുസരിച്ച് രാജി വയ്ക്കുകയുമായിരുന്നു.
കൈതമുക്ക് പുറമ്പോക്ക് കോളനിയിൽ കഴിയുന്ന ഒരു കുടുംബത്തിലെ ആറ് കുട്ടികളുടെ ദൈന്യാവസ്ഥയാണ് മണ്ണ് വാരിത്തിന്നൽ വിവാദം സൃഷ്ടിച്ചത്. കുട്ടികളിൽ രണ്ടുപേർ വിശപ്പടക്കാൻ മണ്ണ് വാരിത്തിന്നു എന്ന് അമ്മ പരാതിയായി എഴുതിനൽകുകയും തുടർന്ന് ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരെത്തി കുട്ടികളെ ഏറ്റെടുക്കുകയുമായിരുന്നു.
അതേസമയം, കൈതമുക്ക് പുറമ്പോക്ക് കോളനിയിലേക്ക് കോർപറേഷൻ അധികൃതരുടേതടക്കം കൂടുതൽ ശ്രദ്ധ എത്താൻ സംഭവം വഴിവയ്ക്കുകയുമുണ്ടായി. കോളനിയിൽ താത്കാലിക തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാനും വൈദ്യുതി എത്തിക്കാനുമടക്കമുള്ള നടപടികൾക്ക് ദീപകിന്റെ ഇടപെടൽ നിമിത്തവുമായി.
വഞ്ചിയൂർ ലോക്കൽകമ്മിറ്റി സെക്രട്ടറി വിമൽകുമാറിനെതിരെ പാർട്ടിക്കുള്ളിൽ വേറെയും ആക്ഷേപങ്ങളുണ്ടെന്നാണ് സൂചന. ലോക്കൽകമ്മിറ്റിയുടെ പ്രവർത്തനം നിർജീവമാണെന്ന വിമർശനമുണ്ട്. പ്രദേശത്തെ തട്ടുകട നടത്തിപ്പിനെ ചൊല്ലിയും പാർട്ടിയിൽ അസ്വാരസ്യങ്ങളുണ്ട്. മൂന്നാമത്തെ ടേമിൽ തുടരുന്ന വിമൽകുമാറിനെ ഇതെല്ലാം കണക്കിലെടുത്ത് അടുത്ത സമ്മേളനത്തിനുമുമ്പ് മാറ്റാൻ നീക്കം നടക്കുന്നതിനിടയിലാണ് മണ്ണ് വാരിത്തിന്നൽ വിവാദമുണ്ടായതും നടപടി പെട്ടെന്നായതും.