തലസ്ഥാനമെന്നു പറയാമെന്നല്ലാതെ ഒരു തലസ്ഥാനത്തിനുവേണ്ട സൗകര്യങ്ങൾ തിരുവനന്തപുരത്തിന് ഇന്നും അന്യമാണ്. പക്ഷേ രാജഭരണത്തിന്റെ ശേഷിപ്പായ പ്രൗഢിക്കപ്പുറം ജനകീയ സർക്കാരുകളുടെ സംഭാവനകൾ നന്നേ കുറവാണ്.
എല്ലാകാലത്തും മന്ത്രിമാരുടെ സാന്നിദ്ധ്യം കൊണ്ടു സമ്പന്നമായിട്ടും തിരുവനന്തപുരം നഗരവികസന കാര്യത്തിൽ മുഖം തിരിക്കുന്ന സമീപനമാണ് പൊതുവേ കാണാൻ കഴിയുന്നത്. ഒരിക്കൽ തലസ്ഥാനത്തു താമസമാക്കിയ ആരും ഇവിടംവിട്ടുപോകാറില്ലെങ്കിലും നഗരവികസനത്തിന്റെ കാര്യം വരുമ്പോൾ രാഷ്ട്രീയനേതാക്കൾക്ക് എന്തോ ഒരു താല്പര്യക്കുറവ്. ഉള്ള സ്ഥാപനങ്ങൾതന്നെ ഒന്നൊന്നായി ഇവിടെ നിന്ന് മാറ്റിക്കൊണ്ടുപോകുന്നതുൾപ്പെടെയുള്ള നടപടികൾ ഇതിന്റെ ഭാഗമായി വേണം കാണാൻ. പത്തുലക്ഷം പേർ അധിവസിക്കുന്ന തിരുവനന്തപുരം നഗരത്തിന് ഒരു മാസ്റ്രർ പ്ലാനും അതനുസരിച്ചുള്ള വികസനവും വേണമെന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പലവട്ടം മാറ്റിവയ്ക്കുകയും ഒടുവിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത മാസ്റ്റർ പ്ലാനിനുപകരം പുതിയതൊന്ന് ആവിഷ്കരിച്ചു നടപ്പാക്കാനുള്ള ശ്രമത്തിലാണ് തലസ്ഥാന നഗരസഭ ഇപ്പോൾ. തലസ്ഥാന നഗരത്തിന് വികസനത്തിന്റെ ഒരു പുതിയമുഖം മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതോടെ കൈവരുമെന്നാണ് പ്രതീക്ഷ. പ്രതീക്ഷ സഫലമാകണമെങ്കിൽ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള വികസന പദ്ധതികൾ നിശ്ചയദാർഢ്യത്തോടെ നടപ്പിലാക്കാനുള്ള ശ്രമം കൂടി ഉണ്ടാകണം. നിലവിലുള്ള കൗൺസിലിന് കാലാവധി തികയ്ക്കാൻ കഷ്ടിച്ചു പത്തുമാസം പോലുമില്ലാത്ത സ്ഥിതിക്ക് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കാനുള്ള അവസരമേ ലഭിക്കൂ. പദ്ധതികൾ പൂർണരൂപത്തിലെത്തിക്കാനുള്ള നിയോഗം തുടർന്നുവരുന്ന കൗൺസിലിനായിരിക്കും.
പുതിയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച പ്രാഥമികകാര്യങ്ങൾ അടുത്ത ആറുമാസം കൊണ്ട് പൂർത്തിയാക്കി ജൂലായ് മാസം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പതിവുപോലെ എതിർപ്പുകളും വിരുദ്ധ അഭിപ്രായങ്ങളും ഇപ്പോഴേ ഉയർന്നിട്ടുള്ളതിനാൽ എല്ലാവിഭാഗക്കാരെയും കേട്ടും വിശ്വാസത്തിലെടുത്തും മുന്നോട്ടു പോകേണ്ടതുണ്ട്. രാഷ്ട്രീയത്തിനതീതമായി എല്ലാവരും സഹകരിച്ചാലേ ആശിക്കുംവിധം നഗരവികസനം സാദ്ധ്യമാകൂ എന്ന കാര്യം വിസ്മരിക്കരുത്. ശ്വാസം മുട്ടുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്ക് എന്തായാലും മാറ്റം ഉണ്ടാകേണ്ടതുണ്ട്. കുടിവെള്ളം, ഗതാഗതം, മികച്ച റോഡുകൾ, മാലിന്യസംസ്കരണം, തുറസായ സ്ഥലങ്ങളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും പരിരക്ഷ, വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പരിപാലനം തുടങ്ങി എല്ലാ മേഖലകളും വികസനത്തിനായി കാത്തിരിക്കുകയാണ്. അതതുമേഖലകളിലെ വിദഗ്ദ്ധന്മാർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾകൂടി ഉൾക്കൊണ്ടുവേണം പദ്ധതികൾക്ക് രൂപം നൽകാൻ. ഇതിനായി വിപുലമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് നഗരസഭാ മേയർ കെ. ശ്രീകുമാർ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഉറപ്പുനൽകിയത് വെറുതെയാവില്ലെന്നു പ്രതീക്ഷിക്കാം. ശ്വാസം മുട്ടിക്കുന്ന ഗതാഗതത്തിരക്കിനും മാലിന്യ പ്രശ്നത്തിനും അടിയന്തര പരിഹാരം ഉണ്ടാവേണ്ടതുണ്ട്. ഇതിൽ ഗതാഗതപ്രശ്നപരിഹാരം കോർപറേഷന്റെ പരിധിയിൽ പെടുന്നതല്ല. വർഷങ്ങളായി കടലാസിലുറങ്ങുന്ന റോഡ് നവീകരണപദ്ധതികളും മേല്പാലങ്ങളും യാഥാർത്ഥ്യമാകാൻ സർക്കാർ തന്നെ കനിയണം. കോൾഡ് സ്റ്റോറേജിലായ ലൈറ്റ് മെട്രോ പദ്ധതിയും പുനരുജ്ജീവപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ ആരും അതേപ്പറ്റി പറഞ്ഞുകേൾക്കുന്നതുപോലുമില്ല.
മാസ്റ്രർപ്ലാൻ പദ്ധതി നടപ്പാക്കുന്നതിനൊപ്പം അടിയന്തരമായി നഗരസഭ ഏറ്റെടുക്കാനുദ്ദേശിക്കുന്ന മൂന്നുനല്ല കാര്യങ്ങൾ സംസ്ഥാനത്തെ മറ്റു നഗരസഭകൾക്കും മാതൃകയാക്കാവുന്നതാണെന്നു തോന്നുന്നു. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്വകാര്യടാങ്കർ ലോറികൾക്ക് ലൈസൻസും രജിസ്ട്രേഷനും ഉറപ്പാക്കാൻ നഗരസഭ തീരുമാനിച്ചിരിക്കുകയാണ്. ലൈസൻസുള്ള സ്വകാര്യടാങ്കറുകൾ മാത്രമേ കുടിവെള്ളം വിതരണം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നതിലൂടെ അനധികൃത വെള്ളക്കച്ചവടം നിയന്ത്രിക്കാനാകും. നിലവിൽ കുളങ്ങളിൽ നിന്നുള്ള വെള്ളം ശുദ്ധജലമെന്ന പേരിൽ ചില സാമൂഹ്യവിരുദ്ധന്മാർ ടാങ്കറിൽ വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഹോട്ടലുകളിൽ പരിശോധന നടത്തുന്നതിനൊപ്പം ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യപരിശോധന നിർബന്ധമാക്കുന്നതാണ് മറ്റൊരു പദ്ധതി. ഇത്തരം വിഷയങ്ങളിൽ കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് നല്ല കാര്യം തന്നെയാണ്. വീടുകളിൽ ആളുകളെ താമസിപ്പിച്ച് വരുമാനമുണ്ടാക്കുന്നവർക്കും ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വീടുകളോട് ചേർന്ന് നഗരത്തിൽ നിരവധി ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നഗരസഭയുടെ പക്കൽ ഒരു പട്ടികയുമില്ല. എല്ലാറ്റിനും ഒരു വ്യവസ്ഥകൊണ്ടുവരുന്നതു നല്ല കാര്യമാണ്.
പുതുവർഷത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന മുകളിൽപ്പറഞ്ഞ മൂന്നു നല്ലകാര്യങ്ങൾക്കുമൊപ്പം ലൈസൻസും മറ്റ് അനുമതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനായാസം ലഭ്യമാക്കാൻ കൂടി നടപടി ഉണ്ടാകണം. മാത്രമല്ല ഇക്കാര്യങ്ങളിൽ നൂറുശതമാനം സുതാര്യതയും ആവശ്യമാണ്. നഗരസഭയിലെ കുത്തഴിഞ്ഞ ഭരണനിർവ്വഹണത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലുള്ള പരാതി വളരെ വലുതാണ്. ജനങ്ങൾക്കു മാത്രമല്ല,നഗരസഭാ കൗൺസിലർമാർപോലും ഉച്ചത്തിൽ വിളിച്ചുപറയുന്നതാണത്. അപേക്ഷയ്ക്കു പിന്നാലെ ആളും അർത്ഥവും കൂടി എത്തിയാലേ കടലാസ് നീങ്ങുകയുള്ളൂ എന്ന ദുരനുഭവം ഉണ്ടാകാത്തവർ നന്നേ കുറവായിരിക്കും. നഗരസഭയുടെ യശസ്സിനു കളങ്കം വരുത്തുന്ന ഈ ശീലക്കേടിനു പുതുവർഷത്തിൽ മാറ്റമുണ്ടാക്കാനാകുമോ എന്നു പരിശോധിക്കുന്നത് നന്നായിരിക്കും.