പാലോട്: ഒരു റോഡ് നവീകരണം വരുത്തിയ വിന ഓർത്ത് മൂക്കത്ത് വിരൽവച്ചിരിപ്പാണ് പാലോട് പച്ചയിലെ നാട്ടുകാർ. പച്ചയിൽ താമസിക്കുന്ന ആബാലവൃദ്ധം ജനങ്ങൾക്കും റോഡിലെത്തുക എന്നത് ഒരു ബാലികേറാ മലയാണ്. ഒരു റോഡ് നവീകരണം ഇത്രത്തോളം ഞങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് കരുതിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
നന്ദിയോട് - ചെറ്റച്ചൽ റോഡ് നിർമ്മാണമാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്.
നിർമ്മാണത്തിൽ അപാകത ഉണ്ടെന്നും ഇത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സമരത്തിനൊരുങ്ങുകയാണ്.
സർക്കാരിന്റെ ബഡ്ജറ്റ് വർക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന റോഡിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തുന്നത്.ഒരു വശം കുന്നും മറുഭാഗം ഗർത്തവുമായി കിടക്കുന്ന റോഡിന്റെ വശങ്ങളിൽ പാർശ്വ ഭിത്തി കെട്ടാതെ വൻതോതിൽ ടിപ്പറിൽ മണ്ണടിച്ചിട്ടിരിക്കുകയാണ്. ഈ മണ്ണിട്ട ഭാഗത്തിന് താഴെ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന കാര്യം ഇവർ മറന്നു എന്ന് വേണം കരുതാൻ. കാരണം റോഡിന് താഴെ ജീവിക്കുന്ന മനുഷ്യർക്ക് റോഡിലെത്തണമെങ്കിൽ കടമ്പകളേറെയാണ്. അവർക്ക് റോഡിലെത്തണമെങ്കിൽ ഈ കല്ലും മണ്ണും താണ്ടണം. വൃദ്ധരുടെ കാര്യമാണ് അതിലും കഷ്ടം.
റോഡിൽ സൈഡ് വാളും ഓടയും വീടുകളുടേയും കടകളുടേയും മുന്നിൽ സ്ലാബും നിർമ്മിക്കണമെന്നുമുള്ള നിർദ്ദേശം കരാർ കമ്പനി അവഗണിച്ചു. ഇഴഞ്ഞു നീങ്ങുന്ന പണിയിൽ യാത്രക്കാർ ദുരിതത്തിലാണ്.
കൂടാതെ പുരയിടം നൽകിയവരും ധർമ്മസങ്കടത്തിലാണ്. വികസനത്തിനായ് വസ്തുവിലെ മരങ്ങൾ മുറിച്ചുമാറ്റിയവരും ദുരിതത്തിലാണ്. പച്ച, ഓരുക്കുഴിഭാഗങ്ങളിൽ സ്വന്തം വീട്ടിൽ കയറാൻ പോലും ബുദ്ധിമുട്ടുന്ന കാഴ്ചയാണുള്ളത്.
കരാർ വ്യവസ്ഥകൾ ഒന്നും തന്നെ പാലിക്കാതെ നടത്തുന്ന നിർമ്മാണങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
മണ്ണിടിച്ചിൽ
പച്ച ആലുമ്മൂട് ഭാഗത്ത് അശാസ്ത്രീയമായ രീതിയിൽ മണ്ണുമാറ്റിയത് മൂലം മണ്ണിടിച്ചിൽ തുടർക്കഥയാകുന്നു. ടാറിംഗിനു മുന്നേ തന്നെ പച്ച ജംഗ്ഷനിൽ കരിങ്കല്ലിൽ തീർത്ത പാർശ്വഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. നിർമ്മാണം പുരോഗമിക്കുന്ന നന്ദിയോട് - ചെറ്റച്ചൽ റോഡിനോടനുബന്ധിച്ചുള്ള സൈഡ് വാൾ നിർമ്മാണത്തിലും ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം. പച്ച ജംഗ്ഷനിലുള്ള തോടിൽ റോഡ് സംരക്ഷണത്തിനായ് കെട്ടിയ കരിങ്കൽ ഭിത്തിയാണ് തകർന്നു വീണത്. വർഷങ്ങൾക്ക് മുൻപ് കെട്ടിയ സംരക്ഷണഭിത്തി ഇപ്പോഴും സുരക്ഷിതമായിരിക്കുമ്പോഴാണ് പുതുതായി കെട്ടിയ കരിങ്കൽ കെട്ട് ഇടിഞ്ഞത്.
വെള്ളംകുടിമുട്ടി
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മണ്ണ് മാറ്റിയതോടെ പലയിടത്തേയും കുടിവെള്ള പൈപ്പുകൾ പൊട്ടി. ഇതോടെ കുടിവെള്ള വിതരണവും താറുമാറായി.വേനലെത്തും മുൻപേ കിടിവെള്ള പ്രശ്നം അനുഭവിക്കുന്ന ഇവിടെ പൈപ്പ് പൊട്ടിയത് നാട്ടുകാരെ ദുരിതത്തിലാക്കി.വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകൾ നന്നാക്കിയില്ലെങ്കിൽ പച്ച ഗ്രാമം കനത്ത വരൾച്ചയിലേക്ക് നീങ്ങും.
ദുരിതം ഇങ്ങനെ
റോഡിന് താഴെ കുഴിയിൽ താമസിക്കുന്നവരുടെ റോഡിന് സമീപമുള്ള പുരയിടത്തിൽ മണ്ണ് കൂനകൂട്ടിയിട്ടു. എന്നാൽ പാർശ്വഭിത്തിയോ ഓടയോ നിർമ്മിച്ചില്ല. താഴെയുള്ളവർ ഈ മൺകൂന കയറിവേണം റോഡിലെത്താൻ. മഴ പെയ്താൽ ഈ മണ്ണും കല്ലും ഒലിച്ച് വീടിനുള്ളിലേക്കും പുരയിടത്തിലേക്കും ഇറങ്ങും. വീട് പോലും ഇടിയാൻ സാദ്ധ്യതയുണ്ട്. റബർ മരങ്ങളുടെ പകുതിയിപ്പോൾ മണ്ണിനടിയിലാണ്. അതിനാൽ റബർ വെട്ടാൻ പോലും പറ്റുന്നില്ല.
നിർദ്ദേശിച്ച ഓടയുടെ നീളം....6800 മീറ്റർ
റോഡ് നവീകരണം, പദ്ധതിത്തുക.....9.68 കോടി
മൺകൂനയ്ക്ക് താഴെ താമസിക്കുന്ന കുടുംബങ്ങൾ...20