തിരുവനന്തപുരം: കുട്ടികളുടെ സയൻസ് കോൺഗ്രസ് ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. രാവിലെ 11ന് നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 10നും 17നും ഇടയിലുള്ള കുട്ടികൾ പങ്കെടുക്കും. 31 വരെ നടക്കുന്ന കോൺഗ്രസിൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 658 കുട്ടികൾ പങ്കെടുക്കും. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്‌കൂളുകളിലേയും, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികളുമുണ്ടാകും. കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 30ന് വൈകിട്ട് അഞ്ചിന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ശാസ്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്യും.
ദിവസവും നടക്കുന്ന 'മീറ്ര് ദ സയന്റിസ്റ്ര്" പരിപാടിയിൽ ഡോ. ഉണ്ണിക്കൃഷ്ണൻ നായർ, ഡോ. ടെസി തോമസ്, ഡോ. പി.എസ്. ഈശ്, ഡോ. സുരേഷ് ദാസ്, ഡോ. എം.സി. ദത്തൻ തുടങ്ങിയവർ പങ്കെടുക്കും. കുട്ടികൾ തങ്ങളുടെ മാതൃഭാഷയിലായിരിക്കും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. കെ.പി. സുധീർ, ഡോ. ടി.പി. രഘുനാഥ്, ഡോ. എസ്, പ്രദീപ് കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.