തിരുവനന്തപുരം: സാക്ഷികൾ എത്താത്തതിനെ തുടർന്ന് വിചാരണ മുടങ്ങിയ വെള്ളറട സ്വദേശി പ്രവീൺ കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കോടതി തളളി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജോസ്.എൻ.സിറിലാണ് റിപ്പോർട്ട് തള്ളി അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട മുൻ സി.എെ ജെ.മോഹൻ ദാസിനെ പരസ്യമായി ശാസിച്ചത്. കേസിലെ ദൃക്‌സാക്ഷികളും കേസ് അന്വേഷണ സമയത്ത് മജിസ്ട്രേറ്രിന് രഹസ്യമൊഴി നൽകിയവരുമായ സാക്ഷികളെ കണ്ടെത്താനായില്ലെന്നായിരുന്നു റിപ്പോർട്ട്. റിപ്പോർട്ട് പാടെ തള്ളിയ കോടതി സാധാരണ നൽകാറുള്ള റിപ്പോർട്ടല്ല കോടതിക്ക് ആവശ്യമെന്ന് വ്യക്തമാക്കി. കണ്ടെത്താൻ കഴിയാത്ത സാക്ഷിയെ കണ്ടെത്തലാണ് പൊലീസിന്റെ പണിയെന്നും അവരെ കൃത്യമായി വിചാരണയ്ക്കെത്തിച്ച് പ്രോസിക്യൂഷനെ സഹായിക്കേണ്ടതും തങ്ങളുടെ ജോലിയാണെന്നത് അന്വേഷണ ഉദ്യോഗസ്ഥർ മറക്കരുതെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണയുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് പ്രോസിക്യൂട്ടർ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. 2012 ജനുവരി ഒൻപതിനാണ് വെള്ളറട ആറാട്ടുകുഴി സ്വദേശി പ്രവീൺ കുത്തേറ്റ് മരിച്ചത്. പ്രവീണിന്റെ മാതൃസഹോദരൻ ബിനുകുമാറിനെ പ്രതികൾ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന് കുത്തേറ്റത്.