മലയിൻകീഴ്: മരുഭൂമിയിലൂടെ ഒരു യാത്ര, ഒപ്പം ഒട്ടക സവാരിയും... സി. എസ്.ഐ മലയിൻകീഴ് സഭ സംഘടിപ്പിച്ചിരിക്കുന്ന മലയിൻകീഴ് ക്രിസ്മസ് കാർണിവലിന് എത്തിച്ചേരുന്നവർക്ക് ബത്‌ലഹേമിൽ എത്തിച്ചേരുന്ന പ്രതീതിയായിരിക്കും ഉണ്ടാവുക. ജീവൻ തുടിക്കുന്ന പുൽക്കൂട്ടിലെ കാഴ്ചകൾ വിസ്മയകരമാണ്. ചെമ്മരിയാട്, കുതിര, കഴുത, ഒട്ടകപ്പക്ഷി തുടങ്ങിയവയും പുൽക്കൂട്ടിന്റെ ഭാഗമായി കാണാം. വിഭവസമൃദ്ധമായ ഭക്ഷണവും കാർണിവലിൽ ഒരുക്കിയിട്ടുണ്ട്. വിവിധതരം വൈനുകൾ, കേക്കുകൾ, തേൻ തുടങ്ങി രുചിയുടെ ഒരു കലവറ തന്നെ ഫുഡ് ഫെസ്റ്റിവലിൽ ആസ്വദിക്കാം. കൂടാതെ കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് പാർക്ക്, അക്വാ പെറ്റ് ഷോ, വാട്ടർ ഫൗണ്ടേൻ, ഹൊറർ കേവ്, കുതിര സവാരി, സ്റ്റാർ ഫെസ്റ്റ്, മെഡിക്കൽ എക്സ്പോ തുടങ്ങിയവ കാണികളെ വിസ്മയിപ്പിക്കും. ഒടുവിൽ മഞ്ഞുമലയുടെ അടിത്തട്ടിലൂടെ ബത്‌ലഹേം ഗ്രാമത്തിനു പുറത്തെത്തുമ്പോൾ ഒരു ഷോപ്പിംഗ് അനുഭവമാണ് കാണികളെ കാത്തിരിക്കുന്നത്. ക്രിസ്മസ് ചന്തയിൽ പഴയകാല ഉത്പന്നങ്ങളുടെ പ്രദർശനത്തോടൊപ്പം കൈത്തറി വിപണന മേളയും പ്രദർശനത്തിന് മിഴിവേകും. ക്രിസ്മസ് കാർണിവൽ ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രദർശന ദിവസങ്ങളിലെ വിവിധ കലാപരിപാടികളിൽ സെലിബ്രിറ്റികളും പങ്കെടുക്കും. വൈകിട്ട് 6 മുതൽ 10.30 വരെയാണ് പ്രവേശനം. പ്രദർശനം 31 ന് അവസാനിക്കും.