ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് 30, 31, ജനുവരി 1 തീയതികളിൽ ഗുരുപൂജ അന്നപ്രസാദത്തിനുള്ള ഉത്പന്ന സമാഹരണത്തിന്റെ ഭാഗമായി കർഷക സംഘങ്ങൾ മഹാസമാധിയിൽ കാർഷികോത്പന്നങ്ങൾ കാണിക്കയായി സമർപ്പിച്ചു തുടങ്ങി. ഗുരുധർമ്മ പ്രചാരണസഭയുടെ നേതൃത്വത്തിലാണ് ഉത്പന്ന സമാഹരണം.
സഭയുടെ കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദ്യ കാണിക്ക സമർപ്പിച്ചത്. അരി, പച്ചക്കറി, പലവ്യജ്ഞനം, പയർ, പഴം തുടങ്ങിയവയാണ് കോട്ടയം ശിവഗിരിയിൽ കൊണ്ടുവന്നത്. കർഷകർ സ്വന്തമായി വിളയിച്ചെടുത്ത ഉത്പന്നങ്ങളാണിത്. ഗുരുദേവൻ സശരീരനായിരുന്ന കാലത്ത് കർഷകർ അവർ വിളയിച്ചെടുത്ത ഉത്പന്നങ്ങളുടെ ഒരു പങ്ക് സമർപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിന്റെ തുടർച്ച എന്നപോലെയാണ് ഗുരുധർമ്മ പ്രചാരണസഭ വഴിയും സ്വന്തം നിലയിലും കർഷകർഉത്പന്ന ങ്ങൾ ശിവഗിരിയിലെത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.
ചെറുതും വലുതുമായ ഒട്ടേറെ തീർത്ഥാടക സംഘങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാർഷികോത്പന്നങ്ങളുമായി ശിവഗിരിയിലെത്തിയത്. ഗുരുധർമ്മ പ്രചാരണസഭ കോട്ടയം ജില്ലാകമ്മിറ്റിയുടെ ഉത്പന്നങ്ങൾ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർത്ഥ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. കോട്ടയം ജില്ലാകമ്മിറ്റി പ്രസിഡന്റ് ബാബുരാജ് വട്ടോടി, സെക്രട്ടറി പി.കെ.സുകുമാരൻ, കുറിച്ചി സദൻ, ഇ.എം.സോമനാഥൻ, ഷിബുമൂലേടം, മോഹനൻ പൂഞ്ഞാർ, കെ.കെ.സരളപ്പൻ, പി.കെ.രാജു, മുനിയറ ആശ്രമം സെക്രട്ടറി സ്വാമി ഗോപി ചൈതന്യ എന്നിവരുടെ നേതൃത്വത്തിലാണ് ഇവ കൊണ്ടുവന്നത്.