തിരുവനന്തപുരം:നൂറ്റാണ്ടിലെ വിസ്മയമായി സൂര്യൻ ഇന്നലെ ആകാശകാഴ്ചയായി. രാവിലെ എട്ടുമണി കഴിഞ്ഞപ്പോൾ സൂര്യന് പ്രഭമങ്ങി. ചന്ദ്രൻ പതിയെ സൂര്യനെ മറച്ചപ്പോൾ നിലാവ് പോലെ ഇളവെയിൽ. ചന്ദ്രന്റെ പിന്നിൽ സൂര്യൻ മിക്കവാറും മറഞ്ഞതോടെ വടക്കൻ കേരളം രാവിലെ തന്നെ ഇരുണ്ടു. ക്രമേണ സൂര്യബിംബത്തിന്റെ ഒത്ത മദ്ധ്യത്തിൽ ചന്ദ്രബിംബം ഒരു വലിയ കറുത്ത പൊട്ടായി. ആ പൊട്ടിന് ചുറ്റും സൂര്യന്റെ സുവർണ വലയം. കാസർകോട് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം മനോഹരമായി കാണാനായത്.
തെക്കൻ കേരളത്തിൽ എട്ടര മുതൽ ഒന്നരമണിക്കൂർ മങ്ങിയ വെളിച്ചമായിരുന്നു. ചിലർക്ക് കാഴ്ച പെട്ടെന്ന് മങ്ങിയപ്പോൾ തലകറങ്ങി.
സൂര്യഗ്രഹണം കാണാൻ ജനങ്ങൾ ഫിലിം കണ്ണാടിയുമായി റോഡിലിറങ്ങി. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിലും നാദാപുരം, ചാലക്കുടി എന്നിവിടങ്ങളിൽ സ്കൂൾ മുറ്റത്തും പ്ളാനറ്റേറിയത്തിന്റെ നിരീക്ഷണ കേന്ദ്രങ്ങളിൽ വൻ തിരക്കായിരുന്നു.
പത്തരമണിയോടെ ചന്ദ്രന്റെ നിഴലിൽ നിന്ന് പുറത്തുവന്ന സൂര്യൻ 11 മണിയോടെ വീണ്ടും പ്രകാശിച്ചു.
കോഴിക്കോട് വരെ ഏറ്റക്കുറച്ചിലോടെ കണ്ടെങ്കിലും തൃശൂർ മുതൽ തിരുവനന്തപുരം വരെ സൂര്യൻ ഭാഗികമായേ ചന്ദ്രന്റെ നിഴലിൽ പെട്ടുള്ളൂ. അപൂർവ്വ ആകാശകാഴ്ച കാണാൻ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് ഉൾപ്പെടെയുള്ള പ്രമുഖർ സെൻട്രൽ സ്റ്റേഡിയത്തിലെത്തി. ഇനിയൊരു വലയസൂര്യഗ്രഹണത്തിന് 2031 മേയ് 21 വരെ കാത്തിരിക്കണം.