തിരുവനന്തപുരം: അന്ധവിശ്വാസങ്ങളിൽപ്പെട്ട് സൂര്യഗ്രഹണത്തെ പേടിയോടെ കാണുന്നതിൽ നിന്ന് മാറി നൂറ്റാണ്ടിലെ അപൂർവ പ്രതിഭാസമായ വലയസൂര്യഗ്രഹണത്തെ ആഘോഷമാക്കി ജനങ്ങൾ ഇന്നലെ ശാസ്ത്ര കുതുകികളായി.സെൻട്രൽ സ്റ്റേഡിയത്തിൽ പ്രിയദർശിനി പ്ളാനറ്റോറിയം ഏർപ്പെടുത്തിയ നിരീക്ഷണ കേന്ദ്രത്തിൽ ആയിരങ്ങളാണ് വലയസൂര്യഗ്രഹണം കാണാനെത്തിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, വി.കെ.പ്രശാന്ത് എം.എൽ.എ, വിദേശ ടൂറിസ്റ്റുകൾ, അദ്ധ്യാപകർ,സർക്കാർ ഉദ്യോഗസ്ഥർ മുതൽ സ്കൂൾ കുട്ടികൾ വരെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ കൂട്ടത്തോടെയെത്തി ഫിലിം കണ്ണാടിയും നിരീക്ഷണ സംവിധാനവും ഉപയോഗിച്ച് സൂര്യഗ്രഹണം കണ്ടു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിൽ 38 ഇടങ്ങളിൽ സൂര്യോത്സവങ്ങൾ സംഘടിപ്പിച്ചു
ബാലസംഘം,ഗ്രന്ഥശാലകൾ,സ്‌കൂളുകൾ,നാഷണൽ സർവീസ് സ്‌കീം,റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവരെല്ലാം വിവിധ സ്ഥലങ്ങളിൽ സൂര്യോത്സവത്തിന്റെ ഭാഗമായി. ജില്ലയിലെ 96 സ്‌കൂളുകളിൽ നടന്ന എൻ.എസ്.എസ് ക്യാമ്പുകളിലെ കുട്ടികളും ഗ്രഹണം വീക്ഷിച്ചു. പ്രത്യേക കണ്ണുകൾക്കു പുറമേ പ്രൊജക്ടർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളും ഗ്രഹണ നിരീക്ഷണത്തിന് പല കേന്ദ്രങ്ങളിലും ഒരുക്കിയിരുന്നു.വിദഗ്ധരുടെ നേതൃത്വത്തിൽ നിർദ്ദേശങ്ങളും വിശദീകരണവും നൽകി.
ജില്ലയിൽ വർക്കലപാപനാശം ഹെലിപ്പാഡ്,ചെറുന്നിയൂർ എച്ച്.എസ്.എസ്, പനയറ എസ്.എൻ.വി.എച്ച്.എസ്.എസ്, പനയറ വായനശാല, കൊല്ലമ്പുഴ ഫ്രൻഡ്സ് ലൈബ്രറി, കല്ലറ ബസ്റ്റാന്റ്, പിരപ്പൻകോട് എൽ.പി.എസ്., ഗവ: എൽ.പി.എസ്.മടത്തു വാതുക്കൽ, വിതുര എച്ച്.എസ്, വെള്ളനാട് ഗവ: എൽ.പി.എസ് ,പൂവച്ചൽ ഗവ: യു.പി.എസ്, കാട്ടാക്കട കിള്ളി എൽ.പി.എസ്., പാലോട് കെ.വി.യു.പി.എസ്, ഭരതന്നൂർ ജംഗ്ഷൻ, പെരിങ്ങമ്മല എൻ.എസ്.എസ്.എച്ച്.എസ്, കാര്യവട്ടം ഗവ: കോളേജ്, വേങ്ങോട് വെള്ളായണി മല ,കാട്ടായിക്കോണം മടവൂർപാറ, ചെമ്പക മംഗലം കോവൂർ ഗ്രന്ധശാല, നെടുമങ്ങാട് തിരിച്ചിട്ട പാറ, മുണ്ടേലമണിദ്വീപ്, നെയ്യാറ്റിൻകര ബി.എച്ച്.എസ്, വ്ളാത്താങ്കര വൃന്ദാവൻ സ്‌കൂൾ, ഇഞ്ചിവിളസ്‌കൂൾ, കിളിമാനൂർ പുല്ലൂർ മുക്ക് ഗവ: എൽ.പി.എസ്, ചാക്ക വൈ.എം.എ ലൈബ്രറി, പേരൂർക്കട ജി.എച്ച്.എസ്, നെടുങ്കാട്, നേമം ആനപ്പാറ എച്ച് എസ്, നേമം റെയിൽവേസ്റ്റേഷൻ, മലയിൻകീഴ് ആനപ്പാറ എച്ച്.എസ്, അരുവിപ്പുറം കൊടുതൂക്കിമല എന്നീ സ്ഥലങ്ങളിലാണ് സൂര്യോത്സവം നടന്നത്. പദ്മനാഭസ്വാമി ക്ഷേത്രവും ആറ്റുകാലും ഉൾപ്പെടെ ക്ഷേത്രങ്ങളെല്ലാം ഗ്രഹണസമയത്ത് അടച്ചിട്ടു.