നെയ്യാറ്റിൻകര: സബ് ജയിലിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയ രണ്ട് പ്രതികളെയും കൂടെയുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ച യുവാവ് പിടിയിൽ. വിവിധ കേസുകളിൽ പ്രതിയായ പത്താംകല്ല് സ്വദേശി കണ്ടഹാർ ബൈജുവെന്ന ബൈജുവാണ് (34) പിടിയിലായത്. 25ന് രാവിലെ 11.30ഓടെ നെയ്യാറ്റിൻകര ആലുംമ്മൂട് ജംഗ്ഷനിലാണ് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ആക്രമണം നടത്തിയത്. പിന്നീട് ഇയാളെ പത്താംകല്ലിൽ വച്ച് പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നെയ്യാറ്റിൻകര സബ് ജയിലിൽ നിന്നും പ്രതികളായ ആകാശ്, ബാബു എന്നിവരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകാനാണ് പൊലീസുകാർ വന്നത്. ആലുംമ്മൂട് ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോൾ അതുവഴി ബൈക്കിലെത്തിയ ബൈജു പ്രതികളെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ അഭിലാഷ്, ജെ. അഭിലാഷ് എന്നീ പൊലീസുകാരെയും ഇയാൾ ആക്രമിച്ചു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സംഭവമറിഞ്ഞ് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ നിന്നുമെത്തിയ പൊലീസുകാരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരെ നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. കൊലപാതകശ്രമം, കൂലിത്തല്ല് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് കണ്ടഹാർ ബൈജു. ഇയാളെ റിമാൻഡ് ചെയ്‌തു.