കോവളം: ക്രിസ്‌മസ് ദിനത്തിൽ കോവളത്ത് എത്തിയവർ ഗതാഗതക്കുരുക്കിൽപ്പെട്ട് വലഞ്ഞു. രാവിലെ മുതൽ കോവളം ജംഗ്ഷൻ മുതൽ ഒന്നര കിലോമീറ്റർ ദൂരം വാഹനങ്ങളെക്കൊണ്ടു നിറഞ്ഞു. വാഹനങ്ങൾക്ക് ബീച്ചിൽ പാർക്ക് ചെയ്യാൻ സാധിക്കാത്തതും സീറോക്ക് ഭാഗത്ത് സഞ്ചാരികൾ വന്ന രണ്ട് കാറുകൾ തമ്മിൽ മുട്ടിയതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഉച്ചയായതോടെ പല വാഹനങ്ങളെയും ബീച്ചിലേക്ക് കടത്തിവിടാനായില്ല. ഗ്രോവ് ബീച്ചിൽ എത്തിയ വാഹനങ്ങൾ നിയന്ത്രണമില്ലാതെ പാർക്കു ചെയ്തിരുന്നതിനാൽ പലർക്കും വാഹനങ്ങൾ തിരികെ എടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. നഗരത്തിൽ നിന്നെത്തിയ പല കെ.എസ്.ആർ.ടിസി ബസുകളും മണിക്കൂറോളം വൈകിയാണ് മടങ്ങിയത്. ഗതാഗത നിയന്ത്രണത്തിനായി ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യാസിക്കാത്തതും കോവളം പ്രദേശത്തെ പാർക്കിംഗ് സൗകര്യത്തെക്കുറിച്ച് കൂടുതൽ അറിവില്ലാത്ത പൊലീസുകാരെ ചിലയിടങ്ങളിൽ വിന്യസിച്ചതുമാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.