നെടുമങ്ങാട് : ക്രിസ്‌മസ് രാത്രിയിൽ ജില്ലാ ആശുപത്രിയിൽ ആക്രമണം നടത്തിയ നാലംഗ സംഘം പൊലീസ് പിടിയിൽ. കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ കെ. അനീഷ് (24), കരകുളം മൈലാടുംപാറ അഖിലാ ഭവനിൽ എം.അനന്തു (24), കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ എസ്.സുധീഷ് (22), കാഞ്ഞിരപ്പള്ളി സ്വദേശിയും വട്ടിയൂർക്കാവ് മണികണ്ഠേശ്വരം കുളത്തിൻകര ലൈനിൽ രാധാ ഭവനിൽ വാടക താമസക്കാരനുമായ ബി.ബിനീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ കാച്ചാണി സ്വദേശിയുമായി ആശുപത്രിയിലെത്തിയ സംഘം കാഷ്വാലിറ്റി ഡ്രെസിംഗ് റൂമിൽ കയറി നഴ്സിംഗ് അസിസ്റ്റന്റ് മണികണ്ഠന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും സെക്യൂരിറ്റിയായ അനീഷിനെ ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. മേശപ്പുറത്തിരുന്ന ബി.പി അപ്പാരറ്റസ് തറയിൽ അടിച്ചു നശിപ്പിച്ച അക്രമികൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെയും ഇ.സി.ജി ടെക്‌നീഷ്യനെയും അസഭ്യംവിളിച്ചു. നഴ്സിംഗ് അസിസ്റ്റന്റിനെയും ഡ്യൂട്ടി ഡോക്ടറുടെയും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഇവർക്കെതിരെ കേസുണ്ട്. അപകടത്തിൽ പരിക്കേറ്റ കാച്ചാണി സ്വദേശി അജിത്ത് ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. നാലുപേരെ സംഭവ സ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്‌.പി സ്റ്റുവർട്ട് കീലറുടെ നിർദ്ദേപ്രകാരം സി.ഐ രാജേഷ്‌കുമാർ,എസ്‌.ഐമാരായ സുനിൽ ഗോപി, വേണു, എ.എസ്‌.ഐ പ്രദീപ്, എസ്.സി.പി.ഒ ബിജു, രാജേഷ്, സി.പി.ഒ മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്‌തു.