കിളിമാനൂർ: കോടികൾ മുടക്കി റോഡുകൾ അധുനിക നിലവാരത്തിൽ നിർമ്മിക്കുമ്പോൾ ഇവ കടന്നു പോകുന്ന പാലങ്ങൾക്ക് മാത്രം യാതൊരു പുനരുദ്ധാരണവും ഇല്ല.ഇത്തരത്തിൽ നിരവധി പാലങ്ങളാണ് കിളിമാനൂരിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ളത്.
വീതിയേറിയ റോഡിലെ പാലങ്ങൾ കുപ്പിക്കഴുത്ത് പോലെ ചുരുങ്ങി കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോകാൻ കഴിയുന്ന അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്.ഇത്തരം പാലങ്ങൾ കാരണം തിരക്കേറിയ റോഡുകളിൽ നീണ്ട ട്രാഫിക് ബ്ലോക്കാണ് ചിലപ്പോൾ അനുഭവപ്പെടുന്നത്.
കാലപ്പഴക്കം കാരണം കോൺക്രീറ്റ് ഇളകി കമ്പി പുറത്ത് വന്നും കൈവരികൾ ഇടിഞ്ഞ അവസ്ഥയിലുമായിരുന്നു. ഇത്തരത്തിൽ ചെറുകാരം, നഗരൂർ, വെള്ളല്ലൂർ, വയ്യാറ്റിൻകര പാലങ്ങൾ സ്ഥിതി ചെയ്യുകയായിരുന്നു.ഇത് ചൂണ്ടി കാട്ടി കേരള കൗമുദി സെപ്തംബർ 27ന് " ദുരന്തങ്ങൾക്ക് കാതോർത്ത് പാലങ്ങൾ " എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു.തുടർന്ന് സ്ഥലം എം.എൽ.എ ഇടപെടുകയും ഓരോ പാലങ്ങളുടേയും നവീകരണം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസം ചെറുകാരം പാലം നവീകരണത്തിനായി ഭരണ അനുമതി ലഭിക്കുകയും ചെയ്തു.ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കാരേറ്റ് - നഗരൂർ റോഡിൽ പുളിമാത്ത് പഞ്ചായത്ത് പ്രദേശത്ത് ചിറ്റാറിന് കുറുകേയാണ്
ചെറുക്കാരം പാലം സ്ഥിതി ചെയ്യുന്നത്. ഇതോടെ പ്രദേശവാസികളൊന്നടങ്കം സന്തോഷത്തിലാക്കിയിരിക്കുകയാണ്.പ്രദേശവാസികളുടെ ദീർഘ കാല അഭിലാഷമായിരുന്നു ചിറ്റാറിന് കുറുകെയുള്ള പുതിയ പാലം.
നിലവിലെ വീതി കുറഞ്ഞ പാലം പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ചതാണ്.
ഇതിലൂടെ ഒരു സമയം ഒരു ദിശയിലേക്ക് മാത്രമേ വാഹനങ്ങൾക്ക് പോകാനാകൂ.
സംസ്ഥാന പാതയിലെ കാരേറ്റിനെ ദേശീയ പാതയിലെ കല്ലമ്പലവുമായി ബന്ധിപ്പിക്കുന്ന കാരേറ്റ് - കല്ലമ്പലം റോഡ് 16 കോടി രൂപ ചെലവഴിച്ച് രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചതിനെ തുടർന്ന് നിരവധി വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നു പോകുന്നത്.
പ്രദേശവാസികളുടെ ദീർഘകാലത്തെ അഭിലാഷമായിരുന്നു ചെറു കാരം പാലം പുതുക്കി പണിയുക എന്നത്.അതിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഉടൻ പണി ആരംഭിക്കാനുള്ള നടപടി
ക്രമങ്ങൾ ആരംഭിക്കും.മണ്ഡലത്തിലെ പഴക്കം ചെന്ന മറ്റു പാലങ്ങളുടെ പുനർ നിർമ്മാണം സാദ്ധ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും.
ബി.സത്യൻ.എം.എൽ.എ.
ഭരണാനുമതി ലഭിച്ചത് 4 കോടിക്ക്
വെള്ളല്ലൂർ പാലം
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പാലത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ക്വാറികളിൽ നിന്ന് പാറയും വഹിച്ചുള്ള ലോറികളുടെ മരണപ്പാച്ചിലിനൊടുവിൽ പാലത്തിന് മദ്ധ്യത്തായി വിള്ളലുണ്ടായി.വിള്ളലും കാലപ്പഴക്കവും കൂടി ആയപ്പോൾ പാലം അപകടാവസ്ഥയിലായി. എന്നാൽ പാലം വഴി കടന്നുപോകുന്ന റോഡ് ആധുനിക രീതിയിൽ ടാറിംഗ് നടത്തിയതാണ്. എന്നാൽ പാലത്തിന് വീതി വളരെ കുറവാണ്.ഒരു വാഹനത്തിന് മാത്രമേ ഒരു സമയം കടന്നുപോകാനാകൂ.
വെള്ളല്ലൂർ പാലത്തിന്റെ കാലപ്പഴക്കം 100 വർഷം