ബാലരാമപുരം: ക്രിസ്‌മസ് ആഘോഷത്തിനിടെ തേമ്പാമുട്ടം പുത്രക്കാടിന് സമീപമുണ്ടായ സംഘർഷത്തിൽ ഏഴുപേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. ക്രിസ്‌മസ് ആഘോഷത്തിനിടെ യുവാക്കളടങ്ങുന്ന സംഘം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ബാലരാമപുരം പൊലീസെത്തി പ്രശ്‌നം പരിഹരിച്ചെങ്കിലും പൊലീസ് പോയതോടെ മദ്യപിച്ചെത്തിയവർ വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. സംഘർത്തിൽ പരിക്കേറ്റ തേമ്പാമുട്ടം എതിർക്കര വീട്ടിൽ സന്തോഷ്,​ തദ്ദേശവാസികളായ സുരേഷ്,​ സതീഷ് ചന്ദ്രൻ, ഭാര്യ ദേവിക,​ ശിവപ്രസാദ് എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്. സന്തോഷാണ് പൊലീസിനെ വിവരമറിയിച്ചതെന്ന് ആരോപിച്ച് ഒരു സംഘം സന്തോഷിന്റെ വീട് ആക്രമിക്കാൻ ശ്രമിച്ചു. പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് സന്തോഷ് ബന്ധുക്കളെ വിളിച്ചുവരുത്തി. കൈയാങ്കളിക്കിടെ വടികൊണ്ടുള്ള അടിയിൽ സന്തോഷിനും കൂട്ടർക്കും പരിക്കേറ്റു. ഇവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇതിനുശേഷം പൊലീസ് വീണ്ടുമെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കെതിരെ കേസെടുത്തു. സംഘർഷത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി സി.ഐ ജി. ബിനു അറിയിച്ചു.