congress-political-commit

തിരുവനന്തപുരം:പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് ജന്മദിനമായ നാളെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിക്കും. പ്രതിഷേധ സംഗമം രാജ്ഭവന് മുന്നിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സരേഷ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം രാവിലെ 10ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർട്ടി പതാകകളും ഗാന്ധിജിയുടേയും ബി.ആർ.അംബേദ്ക്കറുടേയും ചിത്രങ്ങളുമേന്തിയും ഗാന്ധിത്തൊപ്പി ധരിച്ചും പതിനായിരക്കണക്കിന് പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് ചെയ്യും. പ്രതിഷേധസംഗമത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നേതാക്കൾ വായിക്കും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ അന്ന് രാവിലെ 9.30ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തും. തുടർന്ന് സേവാദൾ വോളണ്ടിയർമാർ പതാകാവന്ദനം നടത്തും.

എം.പിമാരുടെ പദയാത്ര

പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കോൺഗ്രസ് എം.പിമാർ ജനുവരി ഒന്നിനും പത്തിനുമിടയിൽ അതാത് ലോക് സഭാ മണ്ഡലങ്ങളിൽ പദയാത്ര നടത്തും. ഡി.സി.സികളുടേയും പാർട്ടി ഘടകങ്ങളുടേയും സഹകരണത്തോടെ മതേതരവിശ്വാസികളെ പങ്കെടുപ്പിച്ച് നടത്തുന്ന പദയാത്ര രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയാണ്.

ജനുവരി രണ്ടിന് തൃശൂർ ചാവക്കാട് മുതൽ തൃപ്രയാർ വരെ ടി.എൻ.പ്രതാപൻ എം.പിയും മൂന്നിന് പെരുമ്പാവൂർ മുതൽ ആലുവ വരെ ചാലക്കുടി എം.പി ബെന്നി ബെഹന്നാനും ചങ്ങനാശ്ശേരി തെങ്ങണയിൽ നിന്ന് കുട്ടനാട് രാമങ്കരി വരെ ഒമ്പതിന് മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷും പദയാത്ര നടത്തും. പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠൻ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര സംഘടിപ്പിക്കും. ജനുവരി 20 മുതൽ ഡി.സി.സി പ്രസിഡന്റുമാരുടെ പദയാത്ര നടക്കും.