തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിയമനങ്ങൾ അഴിമതി വിമുക്തമാക്കാനും സുതാര്യമായ പരീക്ഷാ നടത്തിപ്പിനും കഴിഞ്ഞതായും തൈക്കാട് ഗസ്റ്റ് ഹൗസിൽ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാന്റെയും അംഗങ്ങളുടെയും സത്യപ്രതിജ്ഞാചടങ്ങിൽ മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തി. ക്ലാർക്ക്/സബ്ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ ഈ വിഭാഗത്തിലുള്ള ആറ് പേർക്ക് ഉടൻ നിയമനം നൽകും. സംവരണ വ്യവസ്ഥ പാലിച്ച് പിന്നാക്ക വിഭാഗങ്ങളെ ക്ഷേത്രത്തിൽ ശാന്തിമാരായി നിയമിക്കാൻ നേതൃത്വം നൽകി. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇരുപതിലധികം തിരഞ്ഞെടുപ്പ് പ്രക്രിയകളാണ് മൂന്ന് ദേവസ്വം ബോർഡുകളിലായി നടന്നത്. തൃപ്തികരമായ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ അംഗങ്ങളെ തന്നെ നിലനിറുത്തിയതെന്നും മന്ത്രി പറഞ്ഞു.
ബോർഡ് ചെയർമാനായി എം.രാജഗോപാലൻ നായർ, അംഗങ്ങളായി ജി. എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥൻ എന്നിവരാണ് ചുമതലയേറ്റത്.