കിളിമാനൂർ: സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിവരുന്ന ജനക്ഷേമ പ്രവർത്തനങ്ങളുടെ പ്രചാരകരായി കർഷകത്തൊഴിലാളികൾ മാറണമെന്ന് കെ.എസ്.കെ.ടി.യു കിളിമാനൂർ ഏരിയാ സമ്മേളനം
അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്തസമരസമിതി ജനുവരി എട്ടിന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. കേന്ദ്രസർക്കാരിന്റെ പൗരത്വനിയമഭേദഗതിയും പൗരത്വരജിസ്റ്ററും പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം പള്ളിക്കൽ അജയൻ നഗറിൽ (പൊയ്കക്കട ഓപ്പൺ എയർ ഒാഡിറ്റോറിയം) യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എൻ.രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബി.പി മുരളി, സി.പി.എം ജില്ലാകമ്മിറ്റിയംഗം അഡ്വ. മടവൂർ അനിൽ, ബി.സത്യൻ
എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ്.ജയചന്ദ്രൻ, കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എ. ഗണേശൻ, എസ്.എസ് ബിജു, വി.സനാതനൻ, തുണ്ടത്തിൽ ശശി, എം.ഷാജഹാൻ, വി.ബിനു, എസ്.യഹിയ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ സലിൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി എൻ. രവീന്ദ്രൻ ഉണ്ണിത്താൻ (പ്രസിഡന്റ്) കെ.എ.അസീസ്, എം.നാരായണൻ, എം.മൈതീൻകുഞ്ഞ് (വൈസ് പ്രസിഡന്റുമാർ) ടി.എൻ.വിജയൻ (സെക്രട്ടറി) എസ്.വിൻസെന്റ്, എം.കെ.രാധാകൃഷ്ണൻ, എം.ഹസീന, സനൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരടങ്ങിയ 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 40 അംഗ ഏരിയാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് അഞ്ചിന് കൊടുവഴന്നൂർ പൊയ്കക്കടയിൽ നടക്കുന്ന പൊതുസമ്മേളനം സി.ഐ.ടി.യു നേതാവ് നാസർ കോളായി ഉദ്ഘാടനം ചെയ്യും.