തിരുവനന്തപുരം: ഇന്ത്യയുടെ ഐക്യത്തെയും സാഹോദര്യത്തെയും ശിഥിലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ യുവസമൂഹം പ്രതികരിച്ചതാണ് അടുത്തിടെ ജെ.എൻ.യു, ജാമിയ മിലിയ, ചെന്നൈ സർവകലാശാലകളിൽ കണ്ടതെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
സ്വാതന്ത്ര്യവും മതനിരപേക്ഷതയും അപകടത്തിലാകുമ്പോൾ യുവജനങ്ങളും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി പോരാടുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.നാല് ദിവസം നീളുന്ന 31-ാമത് സംസ്ഥാന കേരളോത്സവം ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .
മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷനും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയുമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം, കെ.എ.എൽ ചെയർമാൻ കരമന ഹരി, നർത്തകി നീനാപ്രസാദ്, സന്തോഷ് കാല, യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, ജില്ലായൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രികാദേവി ആർ.എസ് തുടങ്ങിയവർ പങ്കെടുത്തു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു സ്വാഗതവും ജില്ലാ കോ-ഒാർഡിനേറ്റർ എ.എം.അൻസാരി നന്ദിയും പറഞ്ഞു
. 59 കലാമത്സരങ്ങളിലും 43 കായിക മത്സരങ്ങളിലുമായി 6500 ഓളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഗവ. ആർട്സ് കോളേജിലെ മൂന്ന് വേദികളിലും ജവഹർ ബാലഭവൻ, ഭാരത് ഭവൻ ശിശുക്ഷേമ സമിതി എന്നിവിടങ്ങളിലും കലാമത്സരങ്ങളും സെൻട്രൽ സ്റ്റേഡിയം, കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, വെള്ളയമ്പലം സ്വിമ്മിംഗ് പൂൾ, ഹോട്ടൽ ചൈത്രം, ശംഖുംമുഖം സ്റ്റേഡിയം, പൂജപ്പുര മൈതാനം എന്നിവിടങ്ങളിൽ കായിക മത്സരങ്ങളും നടക്കും. 29നാണ് സമാപനം.