ആര്യനാട്: നാല് പതിറ്റാണ്ടായി ചെറ്റ കുടിലിൽ കഴിഞ്ഞു വന്ന രോഗബാധിതനായ വിജയനും കുടുംബത്തിനും ആര്യനാട് ജനമൈത്രി പൊലീസിന്റെ ക്രിസ്മസ് സമ്മാനമായി പുത്തൻ വീട്. റൂറൽ എസ്.പി ബി.അശോകൻ ക്രിസ്മസ് നാളിൽ ജനപ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ താക്കോൽ വിജയന് കൈമാറി.
പട്രോളിംഗിനിടെയാണ് ശരീരം തളർന്ന് കിടപ്പിലായ വിജയന്റെ അവസ്ഥ ജനമൈത്രി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.വിജയന്റെ രണ്ടുമക്കളിൽ ഒരാൾ കാൻസർ രോഗബാധിതയുമാണ്. വിവരങ്ങൾ അറിഞ്ഞതോടെ ജനമൈത്രി ഉദ്യോഗസ്ഥർ വിജയന്റെയും കുടുംബത്തിന്റെയും ദയനീയ അവസ്ഥ ആര്യനാട് പൊലീസ് ഇൻസ്‌പെക്ടർ യഹിയയുടെ ശ്രദ്ധയിൽപ്പെടുത്തി. രണ്ട് സെന്റ് ഭൂമി മാത്രമേ ഉള്ളൂ എന്നതിനാൽ ഇവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതും എളുപ്പമല്ലായിരുന്നു. എന്നാൽ, ഇൻസ്‌പെക്ടർ യഹിയയുടെ നേതൃത്വത്തിൽ എസ്.ഐ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ, ജനമൈത്രി കമ്മിറ്റി, എസ്.സി.സി റ്റി മോണിറ്ററിംഗ് കമ്മിറ്റി, സന്നദ്ധ സംഘടനകൾ, എന്നിവർ ഒരുമിച്ചതോടെ വിജയൻ പണ്ട് ഉപേക്ഷിച്ച വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
കെട്ടിടം പണിയാളുകളായി ആര്യനാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും കിട്ടുന്ന അവസരങ്ങളിൽ ജോലി ചെയ്തു. ഒടുവിൽ 12 ദിവസത്തെ പ്രയത്നത്തിനൊടുവിൽ രണ്ടര ലക്ഷത്തോളം രൂപയ്ക്ക് ടയിൽ പാകി രണ്ടുമുറിയും അടുക്കളയും ചെറിയ സിറ്റൗട്ടും ഒരുക്കി വീടിന് ഷീറ്റ് മേഞ്ഞു. ചടങ്ങിൽ ജനമൈത്രി കൺവീനർ എം.എസ്.സുകുമാരൻ അദ്ധ്യക്ഷനായി. ചെയർമാൻ ഡെയിൽവ്യൂ ഡയറക്ടർ സി.ക്രിസ്തുദാസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഇൻസ്പെക്ടർ യഹിയ.ഇ.രാധാകൃഷ്ണൻ,നിസാറുദീൻ, ബി.സനകൻ,പുഷ്പരാജ്,പൊലീസ് ഉദ്യോഗസ്ഥർ, എസ്.സി എസ്.ടി മോണിറ്ററിംഗ് അംഗങ്ങൾ, പഞ്ചായത്ത് അധികൃതർ, സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ പ്രവർത്തകർ എന്നിവരോടൊപ്പം നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.