തിരുവനന്തപുരം: ജമ്മുകാശ്‌മീരിലെ കുഴിബോംബ് സ്‌ഫോടനത്തിൽ മരിച്ച ജവാൻ അമ്പലമുക്ക് ചൂഴമ്പാല സ്വാതി (സി.വി.എൻ 127(എ)​ ) യിൽ വേണു – പ്രിയ ദമ്പതികളുടെ മകൻ വി.പി. അക്ഷയിന് (25) ജന്മനാട് കണ്ണീരോടെ വിടനൽകി. സാമൂഹിക – രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ അക്ഷയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. രാഷ്ട്രീയ റൈഫിൾസ് ആർമി സോപ്പോർ ഡ്രൈവറായിരുന്ന അക്ഷയ് അടുത്ത മാസം അവധിക്ക് നാട്ടിൽ എത്താനിരിക്കെയാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച രാത്രി 8.10നുള്ള ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ഗാർഡ് ഒഫ് ഓണറിന് ശേഷം പാങ്ങോട്ട് മിലിട്ടറി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെയോടെ ചൂഴമ്പാലയിലെ വീട്ടിലെത്തിച്ചു. മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് അതിരാവിലെ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ വൻജനാവലി എത്തിയിരുന്നു. എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ഒ. രാജഗോപാൽ, മേയർ കെ. ശ്രീകുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, മുൻ എം.എൽ.എ കെ. മോഹൻകുമാർ, ബി.ജെ.പി നേതാവ് വി.വി. രാജേഷ് തുടങ്ങിയവർ വീട്ടിലെത്തി ആദാരാ‌ഞ്ജലി അർപ്പിച്ചു. രാവിലെ 11.40ഓടെ തൈക്കാട് ശാന്തി കവാടത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. ബൈക്കുകളിലും കാറുകളിലുമായി നൂറുകണക്കിന് പേർ മൃതദേഹത്തെ അനുഗമിച്ചു. ഏഴുവർഷം മുമ്പ് സൈന്യത്തിൽ ചേർന്ന അക്ഷയിന് അടുത്തിടെ അഹമ്മദാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. തുടർന്ന് നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. വാടക വീട്ടിൽ കഴിഞ്ഞിരുന്ന അക്ഷയും കുടുംബവും കഴിഞ്ഞ ഏപ്രിലിലാണ് പുതുതായി നിർമ്മിച്ച വീട്ടിലേക്ക് മാറിയത്. കഴിഞ്ഞ ഓണത്തിനാണ് അവസാനമായി അക്ഷയ് നാട്ടിലെത്തിയത്. തിരികെ മടങ്ങുമ്പോൾ പുതിയ ഒരു ഫോട്ടോ നൽകിയാണ് മടങ്ങിയത്. പ്ളസ് വൺ വിദ്യാർത്ഥിയായ അർജുൻ സഹോദരനാണ്.